പയ്യന്നൂര്‍: കരിവെള്ളൂർ ടൗണിൽ ജ്വല്ലറി കുത്തിത്തുറന്ന് കവർച്ച. കരിവെള്ളൂര്‍ തെക്കേ മണക്കാട് സ്വദേശി സി.കെ.വി. ബാബുവിന്റെ സികെവി ജ്വല്ലറി വര്‍ക്സിലാണ് കവര്‍ച്ച നടന്നത്. ഇന്നലെ രാവിലെയാണ് കവര്‍ച്ച നടന്ന വിവരമറിയുന്നത്.
പൂട്ടുകള്‍ തകര്‍ത്ത് ഷട്ടര്‍ പകുതിയോളം തുറന്നുവച്ച നിലയിലായിരുന്നു. രാവിലെ ഇതുവഴി പോയ മത്സ്യവാഹന ഡ്രൈവർമാരാണ് കടയുടെ ഷട്ടറുകൾ ഉയർത്തിവച്ച നിലയിൽകണ്ട് വിവരമറിയിച്ചത്. കടയ്ക്കുള്ളിൽ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. നഷ്ടത്തിന്റെ കണക്കെടുത്ത് വരുന്നതേയുള്ളു. കഴിഞ്ഞ 16ന് ഇതേ ജ്വല്ലറിയില്‍ മോഷണശ്രമം നടന്നിരുന്നു. ചുമര് തുരന്ന് കവര്‍ച്ച നടത്താനുള്ള ശ്രമം അന്ന് എന്തോ കാരണത്താല്‍ പരാജയപ്പെടുകയായിരുന്നു.
സംഭവസ്ഥലത്തുനിന്ന് കമ്പിപ്പാരയും മറ്റും ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടുകിട്ടിയിരുന്നു. ഇതേ മോഷ്ടാവ് തന്നെയാണ് ഇപ്പോള്‍ നടന്ന കവര്‍ച്ചയ്ക്കു പിന്നിലെന്നാണ് കരുതുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.
കരിവെള്ളൂരില്‍ ജ്വല്ലറിയുടെ പൂട്ട് തകർത്ത് കവര്‍ച്ച
12:56 AM Jan 25, 2023 | Deepika.com