കാസര്‍ഗോഡ്: അടയ്ക്കയുടെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ വികസിപ്പിക്കാനും ഉപയോഗവും ആരോഗ്യവും തമ്മിലുള്ള ബന്ധം ശാസ്ത്രീയമായി പഠിക്കാനും സിപിസിആര്‍ഐ പദ്ധതി തയാറാക്കുമെന്ന് പുതുതായി ചുമതലയേറ്റ ഡയറക്ടര്‍ ഡോ. കെ.ബാലചന്ദ്ര ഹെബ്ബാര്‍.
അടയ്ക്കക്ക് ഇപ്പോള്‍ ലഭിക്കുന്ന മികച്ച വില കുറച്ചുകാലത്തേക്കുകൂടി തുടരാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ ആവശ്യക്കാരുള്ളതും ഇറക്കുമതി തത്കാലം കുറഞ്ഞതും നേട്ടമായെന്നും പ്രസ്ക്ലബില്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ അദ്ദേഹം പറഞ്ഞു.കുള്ളന്‍ കവുങ്ങുകള്‍ പൂര്‍ണതോതില്‍ വിജയകരമായി എന്നു പറയാനാകില്ല. എല്ലാത്തരത്തിലുള്ള മികവും രേഖപ്പെടുത്തിയാല്‍ മാത്രമെ വന്‍തോതില്‍ കുള്ളന്‍ തൈകള്‍ ഉത്പാദിപ്പിക്കുകയുള്ളൂ.
കമുകിന്റെ ഓല ഉണങ്ങുന്നത് തടയാനുള്ള മരുന്ന് സിപിസിആര്‍ഐ നിര്‍ദേശിച്ചിട്ടുണ്ടെന്നും ഡയറക്ടര്‍ അറിയിച്ചു. സിപിസിആര്‍ഐയില്‍ കാലാവസ്ഥാവ്യതിയാനം, രോഗപ്രതിരോധം, വളപ്രയോഗം, ജലസേചനം, തോട്ടങ്ങളില്‍ റോബോട്ടിക് ഉപകരണങ്ങളുടെ ഉപയോഗം, ഉത്പന്നങ്ങളുടെ വൈവിധ്യവത്കരണം തുടങ്ങിയ മേഖലകളിലെ ഗവേഷണങ്ങള്‍ തുടരുമെന്നും ഡയറക്ടര്‍ പറഞ്ഞു.തെങ്ങില്‍നിന്നുള്ള നീര ഉത്പാദനം വര്‍ഷങ്ങളായി ചര്‍ച്ച ചെയ്യുന്നതാണെങ്കിലും വിപണിയില്‍ വിജയകരമാകാത്തത് പ്രശ്നംതന്നെയാണെന്ന് മീറ്റ് ദ പ്രസില്‍ പങ്കെടുത്ത പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.സി.തമ്പാന് പറഞ്ഞു.
അടയ്ക്കയുടെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ വികസിപ്പിക്കും: സിപിസിആര്‍ഐ ഡയറക്ടര്‍
12:56 AM Jan 25, 2023 | Deepika.com