കൊച്ചി: വിസയ്ക്കായി നല്കിയ പണം തിരികെ നല്‍കാത്തതില്‍ പ്രകോപിതനായി ട്രാവല്‍ ഏജന്‍സിയില്‍ കയറി യുവാവ് ജീവനക്കാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇടുക്കി തൊടുപുഴ സ്വദേശിനിയായ സൂര്യക്ക് (27) ആണ് കഴുത്തില്കുത്തേറ്റത്. ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പള്ളുരുത്തി പെരുമ്പടപ്പ് ചക്കനാട്ട്പറന്പ് വീട്ടില്‍ ജോളി (46)യെ എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം രവിപുരം ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന റെയ്സ് ട്രാവല്‍സ് ബ്യൂറോ എന്ന സ്ഥാപനത്തില്‍ ഇന്നലെ ഉച്ചയ്ക്ക് 12 നായിരുന്നു സംഭവം.
കഴുത്തിലെ മുറിവ് ആഴത്തിലുള്ളതായതിനാല്‍ യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ആക്രമണം തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കൈയ്ക്കും സാരമായി മുറിവേറ്റിട്ടുണ്ട്.
പിടിയിലായ ജോളി 2019 ല്‍ ലിത്വാനയിലേക്കുള്ള വര്‍ക്ക് വിസയ്ക്കായി ട്രാവല്സില് പണം നല്‍കിയിരുന്നു. വിസ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് പണം തിരികെ ചോദിച്ചെങ്കിലും ലഭിക്കാതെ വന്നതോടെ ഇന്നലെ ട്രാവല്‍സ് ഉടമ മുഹമ്മദ് അലിയെ അന്വേഷിച്ച് ജോളി സ്ഥാപനത്തിലെത്തി. എന്നാല്‍ ഉടമ സ്ഥലത്തില്ലെന്ന് ജീവനക്കാരി അറിയിച്ചതോടെ ഇവരുമായി തര്‍ക്കത്തിലാവുകയും കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് സൂര്യയുടെ കഴുത്തില്‍ കുത്തുകയുമായിരുന്നു.
കഴുത്തില്‍ മുറിവേറ്റ യുവതി ഇറങ്ങി സമീപത്തെ ഹോട്ടലിലേക്ക് ഓടിക്കയറി. സംഭവം ഈ സമയം ഇതുവഴിപോയ സൗത്ത് പോലീസിലെ ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടതാണ് യുവതിക്കു രക്ഷയായത്. യുവതി യെ ആദ്യം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിനുശേഷം അവിടെത്തന്നെ നിലയുറപ്പിച്ച ജോളിയെ ഹോട്ടല്‍ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് പിടികൂടി പോലീസിന് കൈമാറി. മൂന്നുമാസം മുമ്പാണ് സൂര്യ റെയ്സ് ട്രാവല്സില് എത്തുന്നത്. പാലാരിവട്ടത്താണ് ഇവര്‍ താമസിക്കുന്നത്. കഴുത്തില്‍ ശസ്ത്രക്രിയ നടത്തിയിരിക്കുന്നതിനാല്‍ മൊഴിയെടുക്കാന്‍ സാധിച്ചിട്ടില്ലെന്നും ബന്ധുക്കളെ ബന്ധപ്പെട്ടിട്ടു ണ്ടെന്നും പോലീസ് അറിയിച്ചു.
ട്രാവല്‍ ഏജന്‍സി ജീവനക്കാരിക്ക് കുത്തേറ്റു; യുവാവ് പിടിയില്‍
11:59 PM Jan 24, 2023 | Deepika.com