കൊച്ചി: നൈജീരിയയിലെ പട്ടാളഭരണകൂടം തൂക്കിലേറ്റിയ പരിസ്ഥിതി- അവകാശ പ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന കെന്‍ സരോവിവയുടെ മകള്‍ സിന സരോവിവയുടെ സമകാലീന കലാവിഷ്കാരം കൊച്ചി മുസിരിസ് ബിനാലെയില്‍.
ഫോര്‍ട്ടുകൊച്ചി ആസ്പിന്‍വാള്‍ ഹൗസില്‍ ഒരുക്കിയിട്ടുള്ള "ഹോളി സ്റ്റാര്‍ ബോയ്സ്' എന്ന ആവിഷ്കാരത്തില്‍, ചൂഷിതര്‍ക്കും പ്രകൃതിക്കും വേണ്ടി പോരാടി ഒടുവില്‍ രക്തസാക്ഷിയാകേണ്ടിവന്ന പിതാവിന്റെ ആദര്‍ശങ്ങളും നിലപാടുകളും സിന പ്രകടമാക്കുന്നുണ്ട്. നൈജീരിയയിലെ ന്യൂനപക്ഷ ഗോത്രവിഭാഗമായ ഒഗോണികളുടെ സാംസ്കാരിക, സാമൂഹ്യ ഭാവതലങ്ങള്‍ പ്രതീകാത്മകം പ്രതിഫലിപ്പിക്കുന്നതാണ് അഞ്ചുഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന "ഹോളി സ്റ്റാര്‍ ബോയ്സ്'.
പരിസ്ഥിതി മലിനീകരണവും പ്രകൃതി ചൂഷണവും മൂലം തകര്‍ന്നടിഞ്ഞതിന്റെ പേരില്‍ ലോകത്ത് കുപ്രസിദ്ധമായ പ്രദേശമാണ് നൈജര്‍ നദീതടം.
മാനിന്റെ തലയോടു സാമ്യമുള്ള ഒഗോണികളുടെ തനതു മുഖംമൂടി ധരിച്ച രണ്ടു മനുഷ്യ രൂപങ്ങളിലൂടെ "ഹോളി സ്റ്റാര്‍ ബോയ്സി'ല്‍ സിന നൈജര്‍ നദീതടത്തിന്റെ അവസ്ഥയെ അഭിമുഖീകരിക്കുന്നത്. ബിബിസിയില്‍ മാധ്യമപ്രവര്‍ത്തകയാണ് 47 കാരിയായ സിന.
കെന്‍ സരോവിവയുടെ ആവേശ സ്മരണകളിൽ മകളുടെ ആവിഷ്കാരം
11:59 PM Jan 24, 2023 | Deepika.com