തിരുവനന്തപുരം: ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡാര്‍ഡ്സിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല ഉദ്യോഗസ്ഥർക്കായി ബോധവത്കരണ പരിപാടി ക്ലാസ് സംഘടിപ്പിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ബിഐഎസ് കൊച്ചി ജോയിന്റ് ഡയറക്ടര്‍ ടി.ആര്.ജുനിത , ഡെപ്യൂട്ടി ഡയറക്ടര്‍ എം.രെമിത് സുരേഷ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
ലോഗോ പ്രകാശനം ചെയ്തു
തിരുവനന്തപുരം: ഭിന്നശേഷി ശാക്തീകരണത്തിന്റെ ഭാഗമായി മാജിക് അക്കാദമിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 25, 26 തീയതികളില്‍ കഴക്കൂട്ടം ഡിഫറന്റ് ആര്‍ട് സെന്ററില്‍ സമ്മോഹന് എന്ന പേരില്‍ സംഘടിപ്പിക്കുന്ന ദേശീയ ഭിന്നശേഷി കലാമേളയുടെ ലോഗോ പ്രകാശനം മന്ത്രി ഡോ.ആര് ബിന്ദു നിര്‍വഹിച്ചു. പ്രസ് ക്ലബ് ടി.എന്‍.ജി. ഹാളില്‍ നടന്ന ചടങ്ങില്‍ കടകംപള്ളി സുരേന്ദ്രന് എംഎൽഎ, ഗോപിനാഥ് മുതുകാട് എന്നിവര്‍ പങ്കെടുത്തു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെയാണ് സമ്മോഹന് എന്ന പേരില്‍ കലാമേള സംഘടിപ്പിക്കുന്നത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ആയിരത്തില്‍പ്പരം ഭിന്നശേഷിക്കുട്ടികളും അവരുടെ രക്ഷിതാക്കളും മേളയില്‍ അണിചേരും. കൂടാതെ കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന്റെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എംപവര്‍മെന്റ് ഓഫ് പേഴ്സണ്‍സ് വിത്ത് ഡിസെബിലിറ്റീസിന് കീഴിലുള്ള രാജ്യത്തെ ഒന്‍പത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നുള്ള കുട്ടികളും പങ്കെടുക്കും. കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആൻഡ് വീഡിയോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഡിഫറന്റ് ആര്‍ട് സെന്റര്‍, മാജിക് പ്ലാനറ്റ് എന്നിവയിലെ പതിനഞ്ചോളം വേദികളാണ് കലാമേളയ്ക്കായി ഉപയോഗിക്കുന്നത്. ഇതാദ്യമായാണ് ഇന്ത്യയില്‍ ഇത്തരമൊരു ഭിന്നശേഷി കലാമേള നടക്കുന്നത്. മാജിക്, നൃത്തം, സംഗീതം, ഉപകരണസംഗീതം, ചിത്രരചന തുടങ്ങിയ വിഭാഗങ്ങളിലാണ് കുട്ടികള്‍ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നത്. കലാപ്രദര്‍ശനങ്ങള്‍ക്ക് പുറമെ ഭിന്നശേഷി സമൂഹത്തിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്കരിച്ചിട്ടുള്ള വിവിധ പദ്ധതികളെക്കുറിച്ച് ബോധ്യപ്പെടുത്തുന്ന വിഭാഗങ്ങള്‍, ഭിന്നശേഷിക്കാരുടെ പരിപാലനവുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസുകള്‍,സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍ എന്നിവയും സംഘടിപ്പിക്കും. കലോത്സവത്തിന്റെ വിപുലമായ നടത്തിപ്പിനായി കടകംപള്ളി സുരേന്ദ്രന് എംഎല്‍എ, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വാഗതം സംഘം രൂപീകരിച്ചു.
ബോധവത്കരണ ക്ലാസ് നടത്തി
11:49 PM Jan 24, 2023 | Deepika.com