ഭരണങ്ങാനം: ഭരണങ്ങാനം സെന്റ് മേരീസ് ഹയര്‍ സെക്കൻഡറി സ്കൂളിന്റെ ശതോത്തര രജതജൂബിലി സമാപനവും 125-ാം വാര്‍ഷികാഘോഷവും 27നു നടക്കും. ഉച്ചകഴിഞ്ഞ് 1.45ന് ഭരണങ്ങാനം പള്ളി പാരിഷ് ഹാളില്‍ നടക്കുന്ന പൊതുസമ്മേളനം ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യും. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. മാണി സി. കാപ്പന് എംഎല്‍എ മുഖ്യപ്രഭാഷണവും സ്കൂള്‍ മാനേജര്‍ ഫാ. അഗസ്റ്റിന് തെരുവത്ത് അനുഗ്രഹപ്രഭാഷണവും നടത്തും. കോര്‍പറേറ്റ് സെക്രട്ടറി ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം ഫോട്ടോ അനാച്ഛാദനം നിര്‍വഹിക്കും.
സര്‍വിസില്‍നിന്നു വിരമിക്കുന്ന ഹയര്‍ സെക്കൻഡറി വിഭാഗം ഹിന്ദി അധ്യാപിക ഡെയ്സി മാത്യു, മാത്തമാറ്റിക്സ് അധ്യപിക സിസ്റ്റര്‍ ലിസി കെ. തോമസ് എസ്എച്ച് എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കും.
സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോസഫ് എഴുപറയില്‍, പഞ്ചായത്ത് പ്രസിഡന്റ് ലിസി സണ്ണി, ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍, ബ്ലോക്ക് പഞ്ചായത്തംഗം ജോസ് തോമസ്, ഡിഇഒ കെ. ജയശ്രീ, ഹെഡ്മാസ്റ്റര് ജോജി ഏബ്രഹാം, പിടിഎ പ്രസിഡന്റ് ജോസ് കെ. തയ്യില്‍, സിസ്റ്റര്‍ ഷൈനി ജോസഫ്, അധ്യാപക പ്രതിനിധികളായ റാണിമോള് മാത്യു, റോബിന് പോള്‍, സോബിച്ചന് ചൊവ്വാറ്റുകുന്നേല്‍, വിദ്യാര്‍ഥി പ്രതിനിധി ലിനു കെ. ജോസ്, ജോയല്‍ ജോയി എന്നിവര്‍ പ്രസംഗിക്കും.
ആര്‍ച്ച്ബിഷപ് മാര്‍ ജേക്കബ് തൂങ്കുഴി, ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് ചരണകുന്നേല്‍, ജോയി ഏബ്രഹാം, ചാക്കോ സി. പൊരിയത്ത് തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പൂര്‍വ വിദ്യാര്‍ഥികളാണ്. യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി 900 കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ 42 അധ്യാപകരും ആറ് അനധ്യാപകരും സേവനം ചെയ്യുന്നുണ്ട്.
ഒരു വര്‍ഷം നീണ്ടുനിന്ന ശതോത്തര രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ച് സ്കൂളിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍, പൂര്‍വ അധ്യാപക-അനധ്യാപക-വിദ്യാര്‍ഥി സമ്മേളനങ്ങള്‍, വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാനതല മത്സരങ്ങള്‍ തുടങ്ങിയവ നടത്തിയിരുന്നു. പത്രസമ്മേളനത്തില്‍ സ്കൂള്‍ മാനേജര്‍ ഫാ. അഗസ്റ്റിന് തെരുവത്ത്, പ്രിന്‍സിപ്പല്‍ ഫാ. ജോസഫ് എഴുപറയില്‍, ഹെഡ്മാസ്റ്റര് ജോജി ഏബ്രഹാം, സാജു മാന്തോട്ടം എന്നിവര്‍ പങ്കെടുത്തു.
ഭരണങ്ങാനം സെന്റ് മേരീസ് സ്കൂള്‍ ശതോത്തര രജത ജൂബിലി സമാപനം 27ന്
10:31 PM Jan 24, 2023 | Deepika.com