രാജാക്കാട്: കഴിഞ്ഞ 21നു പുലർച്ചെ മലപ്പുറം പുതുപൊന്നാനിയിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവു മരിച്ചു. രാജാക്കാട് ഗ്ലോബൽ ഡോർ വേൾഡ് ആൻഡ് ഗ്ലാസ് ഹൗസ് ഉടമ തേക്കുംകാനം പുറക്കാട്ട് പി.കെ. രഞ്ജിത് (39) ആണ് ഇന്നലെ പുലർച്ചേ 3.15നു മരിച്ചത്. രഞ്ജിതിന്റെ 39-ാം പിറന്നാൾദിനംകൂടിയായിരുന്നു ഇന്നലെ.
കഴിഞ്ഞ ശനിയാഴ്ച കോഴിക്കോട് നടന്ന അലുമിനിയം ഫേബ്രിക്കേഷൻ തൊഴിലാളികളുടെ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ ഇടുക്കി ജില്ലയിലെ രാജാക്കാട് മേഖലയിൽനിന്നു പോയവരുടെ കാറാണ് പൊന്നാനിയിൽ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ ചേലച്ചുവട് സ്വദേശി ജോബിൻ അപകടം നടന്ന അന്നുതന്നെ മരിച്ചിരുന്നു. കൂടെയുണ്ടായിരുന്നവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
രഞ്ജിത്തിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി രാജാക്കാട് ടൗണിൽ പൊതുദർശനത്തിനു വച്ചശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. എസ്എൻഡിപി യൂത്ത് മൂവ്മെന്റ് രാജാക്കാട് യൂണിയൻ പ്രസിഡന്റും മർച്ചന്റ്സ് അസോസിയേഷൻ യൂത്ത് വിംഗ് കമ്മിറ്റി അംഗവുമാണ്. മാങ്ങാത്തൊട്ടി പഴയപടിക്കൽ
ദിവ്യയാണ് ഭാര്യ. മക്കൾ: ശ്രേയ, ശ്രീഹരി.
വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
10:23 PM Jan 24, 2023 | Deepika.com