കാഞ്ഞങ്ങാട്: റീസര്‍വേയും ഡിജിറ്റല്‍ സര്‍വേയും ഉഡുപ്പി-കരിന്തളം വൈദ്യുതി ലൈനിനായി ഭൂമി ഏറ്റെടുക്കലുമുള്പ്പെടെ ഭൂമിസംബന്ധമായ നിരവധി പ്രശ്നങ്ങള്‍ ദിനംപ്രതി ഉടലെടുക്കുമ്പോഴും വെള്ളരിക്കുണ്ട് താലൂക്കിലെ അഞ്ച് വില്ലേജുകളില്‍ സ്ഥിരം വില്ലേജ് ഓഫീസര്‍മാരില്ല. കള്ളാര്‍, വെസ്റ്റ് എളേരി, കോടോം, ബേളൂര്‍, പരപ്പ വില്ലേജ് ഓഫീസുകളിലാണ് സ്ഥിരം ഓഫീസര്‍മാരില്ലാത്തത്. പരപ്പയുടെ കാര്യത്തില്‍ പുതിയ നിയമനം നടന്നിട്ടുണ്ടെങ്കിലും ഇതുവരെ ചാര്‍ജെടുത്തിട്ടില്ല.
മറ്റിടങ്ങളിലെല്ലാം സമീപത്തെ മറ്റു വില്ലേജുകളിലെ ഓഫീസര്‍മാര്‍ക്ക് അധിക ചുമതല നല്‍കിയിരിക്കുകയാണ്.ഇതോടൊപ്പം ഹൊസ്ദുര്‍ഗ് താലൂക്കിലെ മടിക്കൈ, തുരുത്തി, കാസര്‍ഗോഡ് താലൂക്കിലെ തളങ്കര, മുളിയാര്‍, മഞ്ചേശ്വരം താലൂക്കിലെ ബംബ്രാണ എന്നിവിടങ്ങളിലും നിലവില്‍ വില്ലേജ് ഓഫീസറുടെ കസേര ഒഴിഞ്ഞുകിടക്കുകയാണ്. അധിക ചുമതല വഹിക്കുന്ന ഓഫീസര്‍മാര്‍ രണ്ടു വില്ലേജ് ഓഫീസുകളിലായി ഓടി നടക്കേണ്ടുവരുന്നതിനാല് ഫലത്തില്‍ രണ്ടിടങ്ങളിലെയും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ താളംതെറ്റുന്നു. ഭൂമി തരംമാറ്റല്‍ പോലുള്ള പ്രധാനപ്പെട്ട കാര്യങ്ങള്‍ സ്ഥിരം വില്ലേജ് ഓഫീസര്‍ വന്നശേഷം പരിഗണിക്കുന്നതിനായി മാറ്റിവയ്ക്കുന്നതും പതിവാണ്.ഭൂപ്രശ്നങ്ങള്‍ പൊതുവേ കൂടുതലായി ഉണ്ടാകുന്ന മലയോരമേഖലയിലാണ് വില്ലേജ് ഓഫീസര്‍മാരുടെ അഭാവം കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്.
പ്രകൃതിക്ഷോഭങ്ങളും കാട്ടുമൃഗങ്ങളുടെ ആക്രമണവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനെ പോലും ഇതു ബാധിക്കുന്നു. ക്ഷേമപെന്‍ഷനുകള്‍ക്ക് വരുമാനപരിധി നിശ്ചയിച്ചതോടെ കര്‍ഷകരുള്‍പ്പെടെ വരുമാന സര്‍ട്ടിഫിക്കറ്റിനായി വില്ലേജ് ഓഫീസുകള്‍ കയറിയിറങ്ങേണ്ട അവസ്ഥയിലാണ്.ഉപരിപഠനവും വിവിധ സ്കോളര്‍ഷിപ്പുകളും ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ക്കായി എത്തുന്ന വിദ്യാര്‍ഥികളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും സഹായം ലഭിക്കുന്നതിനായി അപേക്ഷ നല്കാനെത്തുന്നവരുമെല്ലാം വില്ലേജ് ഓഫീസറില്ലാത്തതിന്റെ ദുരിതം സഹിക്കുന്നു.
അധിക ചുമതല വഹിക്കുന്ന ഓഫീസര്‍ വരുന്നതും കാത്ത് നാലും അഞ്ചും വട്ടം വില്ലേജ് ഓഫീസ് കയറിയിറങ്ങേണ്ടിവരുന്ന അവസ്ഥയാണ് മിക്കവര്‍ക്കും. ഓഫീസര്‍ വരുന്ന ദിവസം തിരക്കിനിടയില്‍ വയോധികരുള്‍പ്പെടെ മണിക്കൂറുകള്‍ കാത്തുകെട്ടി നില്‍ക്കേണ്ടിവരുന്ന അവസ്ഥ വേറെയും.
പക്ഷേ ജനങ്ങള്‍ എത്ര കാത്തുനില്ക്കേണ്ടിവന്നാലും മാര്‍ച്ച് മാസം കഴിയുന്നതുവരെ ഇനി റവന്യൂവകുപ്പില്‍ ഉദ്യോഗസ്ഥരുടെ സ്ഥാനമാറ്റവും നിയമനവും നടക്കാനിടയില്ലെന്നാണ് അധികൃതരില്‍ നിന്ന് ലഭിക്കുന്ന സൂചന. നിലവില്‍ ഉള്ളവരെ തന്നെ നാഴികയ്ക്ക് നാല്പതുവട്ടം പരിശീലനത്തിനയച്ചും ഓരോ പദ്ധതികളുമായി ബന്ധപ്പെട്ട യോഗങ്ങള്‍ വിളിച്ചും ഓഫീസിലിരുന്നു ജോലിചെയ്യാന്‍ നേരമില്ലാതാക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
ഭൂപ്രശ്നങ്ങള്‍ നിരവധി ! മലയോരത്ത് അഞ്ചിടങ്ങളില്‍ വില്ലേജ് ഓഫീസര്‍മാരില്ല
01:34 AM Jan 24, 2023 | Deepika.com