കാസര്‍ഗോഡ്: പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് കുറഞ്ഞത് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ നടപടിയുണ്ടാകണമെന്ന് മനുഷ്യാവകാശ കമ്മീഷന്.
ആവശ്യം പരിശോധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് ചീഫ് സെക്രട്ടറി നടപടി സ്വീകരിക്കണമെന്നും കമ്മീഷന് ജുഡീഷല്‍ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. സ്വീകരിച്ച നടപടികള്‍ മൂന്നു മാസത്തിനകം കമ്മീഷനെ അറിയിക്കണം.
കാസര്‍ഗോഡ് ആഡൂര് സ്വദേശി എ.എസ്. മുഹമ്മദ് അഷ്റഫ് സമര്‍പ്പിച്ച പരാതി പരിഗണിക്കവെയാണ് ബൈജുനാഥ് ഇക്കാര്യമറിയിച്ചത്. നിലവില്‍ രണ്ടര ലക്ഷം രൂപ മാത്രമാണ് പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് നല്‍കുന്നത്. പാമ്പുകടിയേറ്റ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്ന ഉത്തര്‍പ്രദേശ്, ബിഹാര്‍, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പോലും ഉയര്‍ന്ന നഷ്ടപരിഹാരമാണ് ലഭിക്കുന്നതെന്ന് പരാതിക്കാരന് അറിയിച്ചു.
വനംവകുപ്പിന് മതിയായ ഫണ്ടില്ലെങ്കില്‍ മറ്റു സംസ്ഥാനങ്ങള്‍ ചെയ്യുന്നതുപോലെ ദുരന്തങ്ങള്‍ നോട്ടിഫൈ ചെയ്ത് ദുരന്തപ്രതികരണ ഫണ്ടില്‍നിന്നും നഷ്ടപരിഹാരം അനുവദിക്കണമെന്ന് പരാതിക്കാരന് ആവശ്യപ്പെട്ടു. 1980 ലെ നഷ്ടപരിഹാര നിയമപ്രകാരമാണ് വന്യജീവികളുടെ ആക്രമണംമൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കുന്നതെന്ന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവിലുള്ള നിരക്കുകള്‍ ഇവയാണ്: വന്യജീവി ആക്രമണം കാരണമുള്ള മരണം- 10 ലക്ഷം, വനത്തിനു പുറത്ത് പാമ്പുകടി കാരണമുള്ള മരണം -രണ്ടു ലക്ഷം, വന്യജീവി ആക്രമണം കാരണമുള്ള സ്ഥായിയായ അംഗഭംഗം-രണ്ടു ലക്ഷം, വന്യജീവി ആക്രമണം കാരണം മനുഷ്യര്‍ക്കുണ്ടാകുന്ന പരിക്ക് -ഒരു ലക്ഷം, (പട്ടികവര്‍ഗക്കാര്‍ക്ക് മുഴുവന്‍ തുകയും ലഭിക്കും), വന്യജീവി ആക്രമണം കാരണം കൃഷി, വീട് നഷ്ടം, കന്നുകാലിനഷ്ടം- പരമാവധി ഒരു ലക്ഷം രൂപ.
പാമ്പുകടിയേറ്റ് മരണം! അഞ്ചുലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്
01:32 AM Jan 24, 2023 | Deepika.com