കളമശേരി: മഞ്ഞുമ്മൽ - ആറാട്ടുകടവ് പാലത്തിന് സമീപം മരത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ 12 വെടിയുണ്ടകൾ കണ്ടെത്തി. ഇന്നലെ വൈകിട്ട് 5.30 ഓടെ കളമശേരി പോലീസിൽ ലഭിച്ച ഫോൺ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി വെടിയുണ്ടകൾ കസ്റ്റഡിയിലെടുത്തു.
പാലത്തിന് താഴെ കളമശേരി ഭാഗത്തെ മരത്തിന് ചുവട്ടിലാണ് കാലപ്പഴക്കം തോന്നിപ്പിക്കുന്ന വെടിയുണ്ടകൾ കണ്ടെത്തിയത്. പഴയ റിവോൾവറിൽ ഉപയോഗിക്കുന്ന 30 എംഎം നീളമുള്ളവയാണെന്നാണ് പോലീസിന്റെ നിഗമനം. എന്നാൽ വിശദവിവരങ്ങൾ ലഭിക്കാൻ ഫോറൻസിക്, ആർമർ വിഭാഗങ്ങളുടെ പരിശോധന കഴിയണമെന്ന് കളമശേരി സിഐ പി.ആർ. സന്തോഷ് പറഞ്ഞു.
വെടിയുണ്ടകൾ ഇവിടെ എങ്ങനെ എത്തി എന്നതിനെക്കുറിച്ച് വ്യക്തതയില്ല. സാമൂഹികവിരുദ്ധരുടെ താവളമാണ് പ്രദേശമെന്നതിനാൽ അധികൃതർ ജാഗ്രതയിലാണ്.
കളമശേരിയിൽ മരച്ചുവട്ടിൽ വെടിയുണ്ടകൾ
01:22 AM Jan 24, 2023 | Deepika.com