കാക്കനാട്: എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സനിതാ റഹീമിനു വിജയം. ആകെ പോൾ ചെയ്ത 24 വോട്ടുകളിൽ 14 വോട്ടുകൾ സനിതാ റഹീം കരസ്ഥമാക്കി.
എതിർസ്ഥാനാർഥിയായ സിപിഐയിലെ ശാരദ മോഹന് ഒൻപതു വോട്ടുകൾ ലഭിച്ചു. ഒരു വോട്ട് അസാധുവായി. ജില്ലാ പഞ്ചായത്ത് കീഴ്മാട് ഡിവിഷനെയാണ് വാഴക്കുളം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റായ സനിതാ റഹീം പ്രതിനിധീകരിക്കുന്നത്. വൈസ്പ്രസിഡന്റായിരുന്ന ഷൈനി ജോർജ് യുഡിഎഫിലെ മുൻധാരണപ്രകാരം രാജിവച്ചതിനെതുടർന്നാണ് പുതിയ വൈസ്പ്രസിഡന്റിനെ തെരഞ്ഞെടുക്കേണ്ടിവന്നത്.
ആകെ 27 അംഗങ്ങളാണുള്ളത്. കോൺഗ്രസ്-15, കേരള കോൺഗ്രസ്-01, സിപിഎം-7, സിപിഐ-2, 20 ട്വന്റി - 02 എന്നിങ്ങനെയാണ് കക്ഷിനില. വരണാധികാരിയും ജില്ലാ കളക്ടറുമായ ഡോ. രേണു രാജിന്റെ സാന്നിധ്യത്തിലാണ് ഇന്നലെ വൈസ്പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്.
തെരഞ്ഞെടുപ്പിനു ശേഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി കളക്ടർ (ഇൻ ചാർജ്) ബി.അനിൽകുമാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.ജി. പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.
സനിതാ റഹീം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
01:22 AM Jan 24, 2023 | Deepika.com