പുൽപ്പള്ളി: ക്രിസ്തുവിൽ ജീവിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നവരാണ് യഥാർത്ഥ മതാധ്യാപകർ. ക്രിസ്തീയ ജീവിതം ശാന്തിയുടെയും സമാധാനത്തിന്റെയുമാണെന്നും സഭയുടെ മഹത്തായ പാരന്പര്യത്തെക്കുറിച്ച് അഗാധമായ അറിവുള്ളവരായിരിക്കണം സണ്‍ഡേ സ്കൂൾ അധ്യപാകരെന്നും ബത്തേരി ബിഷപ് ഡോ. ജോസഫ് മാർ തോമസ് പറഞ്ഞു.
മലങ്കര യാക്കോബായ സുറിയാനി സണ്‍ഡേ സ്കൂൾ പ്രസ്ഥാനം 100 വർഷം പൂർത്തിയാക്കിയ അവസരത്തിൽ മലബാറിലെ സണ്‍ഡേ സ്കൂൾ അധ്യാപകർക്കായി ചീയന്പം മാർ ബസേലിയോസ് യാക്കോബായ സുറിയാനിപ്പള്ളിയിൽ നടത്തിയ അധ്യാപകസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്.
സംഗമത്തോടനുബന്ധിച്ച് സണ്‍ഡേ സ്കൂൾ മുൻ ഭാരവാഹികളായ വൈസ് പ്രസിഡന്റുമാർ, ഭദ്രാസന ഡയറക്ടർമാർ, ഡിസ്ട്രിക്ട് ഇൻസ്പെക്ടർമാർ, സണ്‍ഡേ സ്കൂൾ അധ്യാപനത്തിൽ 35 വർഷം പൂർത്തിയാക്കിയവർ, ഗുരുശ്രേഷ്ഠ അവാർഡ് നേടിയ 50 വർഷം പൂർത്തിയാക്കിയ അധ്യാപകർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സംഗമത്തോടനുബന്ധിച്ച് നടത്തിയ മോട്ടിവേഷൻ ക്ലാസിന് ഫാ. ജോജോ കുടക്കച്ചിറ നേതൃത്വം നൽകി. ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. പി.സി. പൗലോസ് പുത്തൻപുരക്കൽ അധ്യക്ഷത വഹിച്ചു.
അനുഗ്രഹ പ്രഭാഷണവും സ്മരണിക പ്രകാശനവും മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പൊലിത്ത നിർവഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. മത്തായി അതിരന്പുഴ, ഭദ്രാസന വൈദിക സെക്രട്ടറി ഫാ. ബാബു നീറ്റങ്കര, ഫാ. അജു ചാക്കോ അരത്താമാംമൂട്ടിൽ, വർഗീസ് തോട്ടത്തിൽ, എം.ഐ. ജോർജ്, ടി.വി. സജീഷ് തത്തോത്ത്, ജോബിഷ് യോഹൻ, മേരി ആവണങ്കോട്ടിൽ, അനിൽ ജേക്കബ്, പി.വൈ. എൽദോസ്, എൽദോ ജോർജ്, പി.എഫ്. തങ്കച്ചൻ, സി.കെ. ജോർജ്, എന്നിവർ പ്രസംഗിച്ചു. സംഗമത്തിന്റെ ഭാഗമായി സംഗീത, പ്രസംഗ, സുവിശേഷഗാന മത്സരവും വിജയികൾക്കുള്ള സമ്മാനദാനവും നടത്തി.
ക്രിസ്തുവിൽ ജീവിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നവരാണ് യഥാർത്ഥ മതാധ്യാപകർ: ബിഷപ് ഡോ. ജോസഫ് മാർ തോമസ്
01:10 AM Jan 24, 2023 | Deepika.com