തൊടുപുഴ: കെഎസ്ആർടിസി ഡിപ്പോയിൽനിന്നു ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിൽ ഗവിയിലേക്ക് ഉല്ലാസയാത്ര സംഘടിപ്പിക്കും. കാടിന്റെ വന്യതയുടെ മനോഹാരിതയും പച്ചപ്പിന്റെ സൗന്ദര്യവും ആസ്വദിച്ചു കോടമഞ്ഞിന്റെ കുളിരിൽ ജലാശയങ്ങളുടെ താഴ്വരയിലൂടെയുള്ള യാത്ര സഞ്ചാരികൾക്കു ദൃശ്യവിരുന്നാകുമെന്ന് അധികൃതർ പറഞ്ഞു.
മൂഴിയാർ, കക്കി, ആനത്തോട്, പന്പ, കുളളാർ ജലാശയങ്ങളുടെ ഭംഗി ആസ്വദിച്ച് ഗവിയിൽ ബോട്ടിംഗും നടത്തി സന്ദർശകർക്കു മടങ്ങാം. തൊടുപുഴയിൽനിന്ന് 26നു രാവിലെ അഞ്ചിനു യാത്ര പുറപ്പെടും. ഗവി ബോട്ടിംഗും ഉച്ചഭക്ഷണവും ഉൾപ്പടെ 1,850 രൂപയാണ് ചാർജ്. ആദ്യം ബുക്ക് ചെയ്യുന്ന 36 പേർക്കാണ് അവസരം.
ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിൽ തൊടുപുഴ ഡിപ്പോയിൽനിന്നു മലക്കപ്പാറ, വാഗമണ്‍, മൂന്നാർ തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിലേക്കും ടൂറിസം സർവീസുകൾ നടത്തുന്നുണ്ട്.
ഇതിനു പുറമെ ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിൽ തൊടുപുഴ ഡിപ്പോയുടെ ആഭിമുഖ്യത്തിൽ ആഡംബര ക്രൂയിസ് കപ്പൽ യാത്രയും നടത്തുന്നുണ്ട്.
കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്റെ നേതൃത്വത്തിലുള്ള ആഡംബര യാനമായ നെഫർറ്റിറ്റിയിലാണ് അഞ്ചു മണിക്കൂർ നീളുന്ന ഉല്ലാസയാത്ര സജ്ജമാക്കിയിരുന്നത്. ഫോണ്‍: 9400262204, 8304889896.
തൊടുപുഴ കെഎസ്ആർടിസി ഡിപ്പോയിൽനിന്നു ഗവിയാത്ര
12:26 AM Jan 24, 2023 | Deepika.com