ഡാളസില്‍ കോവിഡ് 19 റെഡ് അലര്‍ട്ടിലേക്ക്

02:45 PM Aug 05, 2021 | Deepika.com
ഡാളസ്: ഡാളസിലെ കോവിഡ് 19 വ്യാപനം കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് നിലവിലുണ്ടായിരുന്ന ഓറഞ്ചില്‍ നിന്നും ഏറ്റവും ഉയര്‍ന്ന റെഡ് അലര്‍ട്ടിലേക്ക് ഉയര്‍ത്തിയതായി കൗണ്ടി ജഡ്ജി ക്ലെ ജങ്കിന്‍സ് അറിയിച്ചു.

രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിനൊപ്പം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വലിയ തോതില്‍ വര്‍ധനവ് ഉണ്ടായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി ചേര്‍ന്ന കൗണ്ടി പബ്ലിക്ക് ഹെല്‍ത്ത് കമ്മിറ്റിയുടെ നിര്‍ദേശമനുസരിച്ചാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുന്നതെന്നും ജഡ്ജി പറഞ്ഞു.

ടെക്‌സസില്‍ കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 189 ശതമാനം വര്‍ധിച്ചപ്പോള്‍ 94 ശതമാനം വര്‍ധനവാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണത്തില്‍ ഉണ്ടായത്.

കഴിഞ്ഞ മാസം ടെക്‌സസ് ഗവര്‍ണര്‍ മാസ്‌ക് മാന്‍ഡേറ്റ് പൂര്‍ണമായും മാറ്റിയിരുന്നുവെങ്കിലും, ഡാളസ് കൗണ്ടി അധികൃതര്‍ കോവിഡിന്റെ ആരംഭഘട്ടത്തില്‍ സ്വീകരിച്ചിരുന്ന മുന്‍കരുതലുകള്‍ വേണമെന്നാണ് ജനങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്.

കഴിഞ്ഞ ഏഴു ദിവസം ഡാളസ് കൗണ്ടിയില്‍ ശരാശരി 684 രോഗികളാണ് ഉണ്ടായതെങ്കില്‍ ചൊവ്വാഴ്ച ഫെബ്രുവരി 17ന് ശേഷം ഏറ്റവും ഉയര്‍ന്ന സംഖ്യയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വാക്‌സിനേഷന്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനുള്ള നടപടികള്‍ ഡാളസ് കൗണ്ടി അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍