ഭസുകൃത പാതഭയെന്ന പേരിൽ ഓഗസ്റ്റ് 1, ഞായറാഴ്ച മൂന്നിന് ക്രമീകരിച്ച സമ്മേളനത്തിന്റെ ഉദ്ഘാടനം മാർത്തോമാ സഭയുടെ പരമാദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്താ നിർവഹിച്ചു. .
സമ്മേളനത്തിനു മുന്നോടിയായി പാത്താമുട്ടം സ്തേഫാനോസ് മാർ തിയഡോഷ്യസ് മെമ്മോറിയൽ മിഷൻ സെന്റർ അങ്കണത്തിൽ പൗലോസ് ദ്വിതീയൻ ബാവായുടെ സ്മരണാർഥം മാർത്തോമാ മെത്രാപ്പോലീത്താ ഒലിവ് തൈകൾ നടുകയുണ്ടായി.
ക്രിസ്ത്യൻ മിഷൻ പഠനങ്ങളെയും പ്രവർത്തനങ്ങളേയും ആസ്പദമാക്കി കൊൽക്കത്താ ഭദ്രാസന മെത്രാപ്പോലീത്താ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് രചിച്ച ഭഹാൻഡ് ബുക്ക് ഓണ്‍ ക്രിസ്ത്യൻ മിഷൻ സ്റ്റഡീസ്ഭ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനകർമ്മം അഡ്വ. ബിജു ഉമ്മനു നൽകികൊണ്ട് മാർത്തോമാ മെത്രാപ്പോലീത്താ നിർവഹിച്ചു. ഗ്രന്ഥം സഭയ്ക്കും സമൂഹത്തിനും കാലഘട്ടത്തിനും പ്രയോജനമുള്ള ഒരു പുസ്തകമായിത്തീരട്ടെയെന്ന്, മാർത്തോമാ മെത്രാപ്പോലീത്താ ആശംസിച്ചു. പുസ്തകത്തിന്റെ ആദ്യപ്രതി പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജ് മുൻ പ്രിൻസിപ്പാൾ ഫാ. കെ.വി. പോൾ ഏറ്റുവാങ്ങി.
മലങ്കര സഭയുടെ സിനഡ് സെക്രട്ടറിയും ചെന്നൈ-കോട്ടയം ഭദ്രാസന മെത്രാപ്പോലീത്താ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഭിലായി സെന്റ് തോമസ് മിഷൻ വൈസ് പ്രസിഡന്റ്് റവ. ഗീവർഗീസ് റന്പാൻ സ്വാഗതവും, പാത്താമുട്ടം ശ്ലീബാ ഇടവക സഹവികാരി ഫാ. കുര്യാക്കോസ് പി. തോമസ് നന്ദിയും അർപ്പിച്ചു.
കൊൽക്കത്താ ഭദ്രാസന മെത്രാപ്പോലീത്താ ഡോ. ജോസഫ് മാർ ദിവന്നാസിയോസ്, മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, ഫാ. ഡോ. എബ്രഹാം ഉമ്മൻ, റവ. ജോണ്‍ ചിറത്തലാട്ട് കോർ-എപ്പിസ്കോപ്പാ, ഫാ. ഫിലിപ്പ് കുരുവിള, ഫാ. പി.ടി. തോമസ്, സെന്റ് തോമസ് മിഷൻ കോർഡിനേറ്റർ ഷാജി എബ്രഹാം, ഡോ. ജേക്കബ് മണ്ണുംമൂട് എന്നിവർ പ്രസംഗിച്ചു.
കോവിഡ്-19 പ്രോട്ടോകോൾ പ്രകാരം നടക്കുന്ന സമ്മേളനത്തിൽ സാമൂഹ്യ-സാമുദായിക-സാംസ്ക്കാരിക രംഗത്തെ പ്രമുഖർ ഓണ്‍ലൈനിലും മറ്റുമായി പങ്കെടുത്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ