അബുദാബി: മൂന്നു മുതൽ 17 വയസുവരെ പ്രായമുള്ള കുട്ടികൾക്ക് സിനോഫാം വാക്സിൻ നൽകാമെന്ന് യുഎഇ ആരോഗ്യ - രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കുട്ടികളുടെ ഇടയിൽ നടത്തിയ പഠനത്തിന്റെയും ,വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാണ് കുട്ടികൾക്ക് വാക്സിൻ നൽകുന്നതിന് തീരുമാനിച്ചിരിക്കുന്നത് .
900 കുട്ടികളിൽ നടത്തിയ സിനോഫാം ഇമ്മ്യൂണ്‍ ബ്രിഡ്ജ് എന്ന പഠനത്തിനുശേഷമാണ് വാക്സിന് അനുമതി നൽകിയിരിക്കുന്നത്. മാതാപിതാക്കളുടെ പൂർണസമ്മതം വാങ്ങി നടത്തിയ പഠനത്തിൽ രാജകുടുംബത്തിലെ കുട്ടികളും പങ്കെടുത്തിരുന്നു. വാക്സിൻ നൽകിയ സമയം മുതൽ കുട്ടികളെ നിരന്തരം നിരീക്ഷിച്ചിരുന്നു. മധ്യപൂർവ - വടക്കൻ ആഫ്രിക്കൻ രാജ്യങ്ങൾ ഉൾക്കൊള്ളുന്ന മേഖലയിൽ ഈ പ്രായത്തിലുള്ള കുട്ടികളിൽ നടത്തിയ ആദ്യ പഠനമാണ് യുഎഇ ആരോഗ്യ- രോഗ പ്രതിരോധ മന്ത്രാലയം നടത്തിയിരിക്കുന്നത്.
ഇന്ത്യ, ചൈന, യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളും കഴിഞ്ഞ ഏതാനം മാസങ്ങളായി ഇതേ പഠനം നടത്തുന്നുണ്ട്. സ്കൂളുകൾ തുറക്കും മുൻപ് കുട്ടികൾക്ക് വാക്സിൻ നൽകി കൂടുതൽ സുരക്ഷിതത്വം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് വാക്സിനേഷൻ നടപടികൾ പുരോഗമിക്കുന്നത്.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
യുഎഇയിൽ മൂന്നു വയസ് മുതലുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകാം
09:44 PM Aug 02, 2021 | Deepika.com