ദുബായ്: വിഷനറി എഡ്യുലീഡേഴ്സ് സൊസൈറ്റി ഓഫ് ഇന്ത്യ ആഭിമുഖ്യത്തിൽ ഓണ്‍ലൈൻ എഡ്യൂക്കേഷണൽ ടോക്ക് ഷോ നടത്തി. ഓണ്‍ലൈനായി നടന്ന പരിപാടിയിൽ ഇന്ത്യയിൽ നിന്നും, വിദേശത്തു നിന്നുമുള്ള വിദ്യാഭ്യാസ വിദഗ്ദ്ധർ പങ്കെടുത്തു.
യുഎഇ ഒൗർ ഓണ്‍ ഇംഗ്ലീഷ് സ്കൂൾ സീനിയർ ഫാക്കൽറ്റിയും, മോട്ടിവേഷണൽ സ്പീക്കറും, എഴുത്തുകാരനുമായ ഡഗ്ളസ് ജോസഫ് മുഖ്യ പ്രഭാഷകനായിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിനു അനുഗുണമായ സ്കിൽസ് വിദ്യാർഥികളിൽ എങ്ങനെ വളർത്താം എന്ന വിഷയത്തിലായിരുന്നു ടോക്ക് ഷോ സംഘടിപ്പിച്ചത്.
പാഠപുസ്തക കേന്ദ്രികൃതമായ നമ്മുടെ വിദ്യാഭ്യാസ സന്പ്രദായം വിദ്യർഥികളുടെ നൈസർഗികമായ കഴിവുകളെ പരിപോഷിപ്പിക്കാൻ ഉതകുന്നതല്ലെന്ന് ഡഗ്ളസ് പറഞ്ഞു. പ്രശസ്ത വിദ്യാഭ്യാസ വിചക്ഷകനായ പ്രഫ. ഗാർണറുടെ മൾട്ടിപ്ൾ ഇന്റലിജൻസ് എന്ന പദ്ധതി നടപ്പിലാക്കിയതാണ് പാശ്ചാത്യ രാജ്യങ്ങളിലെ വിദ്യാഭ്യാസ പുരോഗതിക്ക് നിധാനമായത്. ഇപ്പോൾ നടന്നുവരുന്ന ഒളിംപിക് ഗെയിംസിൽ ഇന്ത്യയുടെ നിറം മങ്ങിയ പ്രകടനത്തിനു കാരണം കുട്ടികളിലെ കായികമായ കഴിവുകളെ കണ്ടെത്തി ചെറുപ്പം മുതൽ വളർത്തിയെടുക്കാത്തതാണ്.
ബീഹാർ പൂർണിമ സിനായ് മിഷൻ സ്കൂൾ ഫൗണ്ടർ ഡയറക്ടറും, പ്രിൻസിപ്പലുമായ നികേഷ് ഗില്ഗാൽ മോഡറേറ്റർ ആയിരുന്നു. വിഷനറി എഡ്യുലീഡേഴ്സ് പ്രസിഡന്റ് ഗ്യാനേശ്യാം സനേസർ നന്ദി പറഞ്ഞു. സെക്രട്ടറി ഡോ. ജാക്യുലിൻ മഹാദിക്, ട്രഷറർ ഡോ. ഛായ ശർമ്മ, വൈസ് പ്രസിഡന്റ് ജാവേദ് ഖാൻ എന്നിവർ പ്രസംഗിച്ചു
എഡ്യൂക്കേഷണൽ ടോക്ക് ഷോ സംഘടിപ്പിച്ചു
09:12 PM Aug 02, 2021 | Deepika.com