അബുദാബി: ബദാസായിദിലെ അൽ ദഫ്റ മാളിൽ കുടുംബമായി ഉല്ലസിക്കാനുള്ള സംവിധാനങ്ങളുമായി ഇൻഡോർ വിനോദ കേന്ദ്രം ഓറഞ്ച് ഹബ് തുറന്നു.
9700 ചതുരശ്രയടി വലിപ്പമുള്ള കേന്ദ്രം മാളിന്റെ ഗ്രൗണ്ട് ലെവലിലാണ് സ്ഥിതിചെയ്യുന്നത്. അൽ വഹ്ദ മാൾ, മാൾ ഓഫ് ഉമ്മുൽഖുവൈൻ എന്നിവയ്ക്ക് ശേഷം യു.എ.ഇയിൽ തുറക്കുന്ന ഓറഞ്ച് ഹബിന്റെ മൂന്നാമത് കേന്ദ്രമാണിത്. മേജർ മുഹമ്മദ് അൽമേരി (ഗതാഗത വകുപ്പ്), സൈഫ് അൽ മസ്റോയി (അൽദഫ്റ മുനിസിപ്പാലിറ്റി), ഹമദ് ഒബൈദ് ഹമദ് അൽ മുതാവാ അൽ ദാഹിരി (സ്പോണ്സർ), ഐഡിയക്രേറ്റ് എഡ്യുടൈൻമെന്റ് കന്പനി സിഇഒ ഷിഫ യൂസഫലി, ഓറഞ്ച് ഹബ് സംഘം എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.
കുടുംബമായി ആഘോഷിക്കാവുന്ന വിനോദപരിപാടികൾ ഉൾപ്പെടുത്തി കൊണ്ടാണ് ഐഡിയക്രേറ്റ് എഡ്യുടൈൻമെന്റ് കന്പനിയുടെ ഭാഗമായ ഓറഞ്ച് ഹബ് പ്രവർത്തിക്കുന്നത്. പലതരം ഗെയിമുകൾക്കും റൈഡുകൾക്കും പുറമെ ഭക്ഷണശാലകളും ഇവിടുത്തെ പ്രത്യേകതയാണ്. 49 വ്യത്യസ്ത വിനോദോപാധികളാണ് ഇവിടെയുള്ളത്. ബന്പർ കാർ, മിനി ജെറ്റ്, വി.ആർ സിമുലേറ്റർ, ഷൂട്ടിങ്, ഫൂസ്ബോൾ, പിൻബോൾ, ബില്യാർഡ്സ്, ഹോക്കി തുടങ്ങിയ കളികൾക്കെല്ലാം ഓറഞ്ച് ഹബ് വേദിയാണ്.
കുരുന്നുകളും യുവാക്കളുമടക്കം എല്ലാ പ്രായത്തിലുമുള്ള അതിഥികൾക്ക് ആവേശകരമായ അനുഭവം പകരാനുള്ള എല്ലാ സംവിധാനങ്ങളും ഓറഞ്ച് ഹബിൽ ഒരുക്കിയിട്ടുള്ളതായി ബ്രാൻഡ് മാനേജർ ലൂയി ലോഗ്രമോണ്ടെ പറഞ്ഞു. മഹാമാരിക്കുശേഷം അബുദാബിയിൽ ആദ്യമായി പ്രവർത്തനം കുറിക്കുന്ന ഓറഞ്ച് ഹബിനെ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് ഐഡിയക്രേറ്റ് എഡ്യുടൈൻമെന്റ് കന്പനി സിഇഒ ഷിഫ യൂസഫലി പറഞ്ഞു.
റിപ്പോർട്ട്: അനിൽ സി ഇടിക്കുള
അൽ ദഫ്റ മാളിൽ ഇൻഡോർ വിനോദ കേന്ദ്രം ഓറഞ്ച് ഹബ് തുറന്നു
09:17 PM Aug 01, 2021 | Deepika.com