വ്യാജ പ്രചരണം; കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യ മന്ത്രാലയം

12:33 PM Aug 01, 2021 | Deepika.com
കുവൈറ്റ് സിറ്റി : കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. നാളെ മുതല്‍ ജാബിർ ഹോസ്പിറ്റലിൽ ആരോഗ്യ മന്ത്രാലയത്തില്‍ നിന്നും എസ്.എം.എസ് ലഭിക്കാത്തവര്‍ക്ക് വാക്സിന്‍ നല്‍കുന്നുവെന്ന സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ച് നടത്തിയ വ്യാജ പ്രചരണത്തെ തുടര്‍ന്നാണ്‌ ആരോഗ്യ മന്ത്രാലയം വിശദീകരണ കുറിപ്പ് ഇറക്കിയത്.

ആരോഗ്യ വകുപ്പില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമാണ് നാളെ വാക്സിനേഷന്‍ കാമ്പയിന്‍ സംഘടിപ്പിക്കുന്നതെന്നും മറ്റുള്ള വാര്‍ത്തകള്‍ അഭ്യൂഹങ്ങൾ മാത്രമാണെന്നും ആരോഗ്യ വൃത്തങ്ങള്‍ അറിയിച്ചു. വാക്സിനേഷന്‍, ബുക്കിംഗ് ആരംഭിക്കുന്ന സമയം, സ്പോട്ട് രജിസ്ട്രേഷന്‍ തുടങ്ങിയവ സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

ഇത്തരം സന്ദേശങ്ങള്‍ വിശ്വസിച്ച് ആളുകള്‍ എത്തുന്നത് പല വാക്സിനേഷന്‍ കേന്ദ്രങ്ങളിലും തിരക്കിനു കാരണമാകുകയും ആരോഗ്യവകുപ്പ് ജീവനക്കാരുടെ കൃത്യ നിര്‍വഹണത്തിന് തടസം സൃഷ്ടിക്കുകയും ചെയ്യുന്നു.സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്ന വിവരങ്ങളുടെ ആധികാരികത ഉറപ്പു വരുത്താന്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും വിവരങ്ങൾ അറിയുന്നതിനായി ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റും മറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടുകളും മാത്രം ഉപയോഗപ്പെടുത്തണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.

റിപ്പോർട്ട് : സലിം കോട്ടയിൽ