കുവൈറ്റിൽ ‘സുകൃത പാത’ ഓഗസ്റ്റ്‌ ഒന്നിന്‌

11:25 AM Jul 31, 2021 | Deepika.com
കുവൈറ്റ്: പൗരസ്ത്യ കാതോലിക്കായും മലങ്കര സഭയുടെ പരമാധ്യക്ഷനുമായിരുന്ന പരിശുദ്ധ ബസേലിയോസ്‌ മാർത്തോമ പൗലോസ്‌ ദ്വിതീയൻ ബാവാ അനുസ്മരണവും, സെന്‍റ് തോമസ്‌ മിഷന്‍റെ സുവർണ ജൂബിലിയുടെ ഭാഗമായി പരി. പൗലോസ്‌ ദ്വിതീയൻ ബാവായുടെ നാമധേയത്തിൽ നടപ്പാക്കുന്ന ചികിത്സാ പദ്ധതികളുടെ ഉത്ഘാടനവും പാത്താമുട്ടം സ്തേഫാനോസ്‌ മാർ തിയഡോഷ്യസ്‌ മെമ്മോറിയൽ മിഷൻ സെന്ററിൽ നടക്കും.

കുവൈറ്റിലെ ഓർത്തഡോക്സ് സമൂഹം ഉൾപ്പെടുന്ന കൽക്കത്താ ഭദ്രാസനത്തിന്‍റെ കീഴിലുള്ള ഭിലായി സെന്റ്‌ തോമസ്‌ ഓർത്തഡോക്സ്‌ മിഷന്റെ ആഭിമുഖ്യത്തിൽ `സുകൃത പാത`യെന്ന പേരിൽ ഓഗസ്റ്റ്‌ ഒന്നിനു ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നിനു ക്രമീകരിച്ചിരിക്കുന്ന സമ്മേളനത്തിന്‍റെ ഉദ്ഘാടനം മാർത്തോമാ സഭയുടെ പരമാദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ്‌ മാർത്തോമാ മെത്രാപ്പോലീത്താ നിർവ്വഹിക്കും. ഓർത്തഡോക്സ്‌ സഭയുടെ കൽക്കത്താ ഭദ്രാസനാധിപൻ ഡോ. ജോസഫ്‌ മാർ ദിവന്നാസിയോസ്‌ മെത്രാപ്പോലീത്താ രചിച്ച `ക്രിസ്ത്യൻ മിഷൻ പഠന`ങ്ങളെക്കുറിച്ചുള്ള ഗ്രന്ഥത്തിന്റെ പ്രകാശനകർമ്മവും മാർത്തോമാ മെത്രാപ്പോലീത്ത നിർവഹിക്കും.

മലങ്കര സഭയുടെ സിനഡ്‌ സെക്രട്ടറിയും ചെന്നൈ-കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തായുമായ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ്‌, കൽക്കത്താ ഭദ്രാസന മെത്രാപ്പോലീത്താ ഡോ. ജോസഫ്‌ മാർ ദിവന്നാസിയോസ്‌, മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ എന്നിവർ പങ്കെടുക്കുന്ന സമ്മേളനത്തിൽ സാമൂഹ്യ-സാമുദായിക-സാംസ്ക്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

കോവിഡ്‌-19 പ്രോട്ടോകോൾ പ്രകാരം നടക്കുന്ന സമ്മേളനം തൽസമയം കാണുവാനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്നും സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനു വേണ്ടിയുള്ള ഒരുക്കങ്ങൾ നടന്നു വരുന്നതായും സംഘാടക സമിതിക്കുവേണ്ടി സെന്റ്‌ തോമസ്‌ മിഷൻ കോർഡിനേറ്റർ ഷാജി എബ്രഹാം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ