ഇല്ലിനോയ്: ഇല്ലിനോയ് യൂണിവേഴ്സിറ്റി ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികൾക്ക് പ്രവേശനം ഉറപ്പാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇതിന്റെ പ്രാരംഭമായി ഡൽഹിയിലും, ബഗംളൂരുവിലും റിക്രൂട്ടിംഗ് ഓഫീസുകൾ തുറക്കുന്നതിന് യൂണിവേഴ്സിറ്റി തീരുമാനിച്ചു. കേന്ദ്ര ഓഫീസ് ഡൽഹിയിലും ബ്രാഞ്ച് ഓഫീസ് ബഗംളൂരുവിലും ആയിരിക്കും.
യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയ് ഗ്രാജ്യുവേറ്റ് വിവേക് ഡാമല്ലിനെ ബോർഡ് ഓഫ് ട്രസ്റ്റി നോമിനിയായി ഇന്ത്യയിൽ നിയമിക്കാൻ ബോർഡ് ഓഫ് ട്രസ്റ്റി യോഗം തീരുമാനിച്ചു.
ഇല്ലിനോയ് യൂണിവേഴ്സിറ്റിയുടെ കീഴിൽ വിവിധ കേന്ദ്രങ്ങളിലായി ഇന്ത്യയിൽ നിന്നുള്ള 2848 വിദ്യാർഥികൾ പഠനം തുടരുന്നു. ചൈന ഒഴിച്ചു മറ്റു രാജ്യങ്ങളിൽ നിന്നും ഇവിടെ പഠനം നടത്തുന്ന വിദ്യാർഥികളിൽ രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്ക്.
ഇന്ത്യയിൽ നിന്നും ഇല്ലിനോയ് യൂണിവേഴ്സിറ്റി ക്യാന്പസുകളിൽ പഠിക്കുന്നതിന് താൽപര്യമുള്ള വിദ്യാർഥികളെ കണ്ടെത്തി റിക്രൂട്ട് ചെയ്യുന്നതിനും, അവരെ ഇവിടെ കൊണ്ടുവരുന്നതിനുമുള്ള എല്ലാ നടപടിക്രമങ്ങളും ഡൽഹിയിലുള്ള ലേയ്സണ് ഓഫീസ് പൂർത്തീകരിക്കുമെന്ന് യൂണിവേഴ്സിറ്റി പ്രസിഡന്റ് ടിം കില്ലിൻ പറഞ്ഞു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
വിദ്യാർഥികൾക്ക് പ്രവേശനം: ഇല്ലിനോയ് യൂണിവേഴ്സിറ്റി ഇന്ത്യയിൽ ഓഫിസ് തുറക്കുന്നു
09:27 PM Jul 27, 2021 | Deepika.com