കുവൈറ്റ് സിറ്റി : രാജ്യത്ത് സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് വിദ്യാഭ്യാസ മന്ത്രാലയം അംഗീകാരം നൽകി. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ കർശനമായ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ചായിരിക്കും രാജ്യത്തെ സ്കൂളുകൾ സെപ്റ്റംബറിൽ തുറക്കുകയെന്ന് അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നടന്ന കൗണ്സിൽ ഓഫ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിമാരുടെ പ്രതിവാര യോഗത്തിൽ പദ്ധതികളെ കുറിച്ച് വിശദമായ ചർച്ച നടത്തിയതായി വിദ്യാഭ്യാസ മന്ത്രാലയം അണ്ടർസെക്രട്ടറി പ്രൊഫ. ഡോ. അലി അൽ യാക്കൂബ് അറിയിച്ചു. സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് മൂന്ന് പ്രധാന നിർദ്ദേശങ്ങളാണ് ചർച്ച ചെയ്തത്. ഇത് സംബന്ധമായ അന്തിമ തീരുമാനം മന്ത്രിസഭ കൈക്കൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പദ്ധതികളും നടപടിക്രമങ്ങളും നടപ്പാക്കുന്നതിനായി സ്കൂൾ അധികൃതരുമായി ചേർന്ന് ആസൂത്രണം നടത്തിവരികയാണ്.
വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ പങ്കാളിയാവുന്ന എല്ലാവർക്കും സുരക്ഷിത അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനായി എല്ലാ സ്കൂളുകളും മതിയായ സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രാലയം അറിയിച്ചു. പുതു അധ്യയന വർഷവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയം ആരോഗ്യ നിർദേശങ്ങൾ ഉൾക്കൊള്ളുന്ന ഗൈഡ് പുറത്തിറക്കിയതായും സ്കൂൾ സമയവുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും അക്കാദമിക് കലണ്ടറും ഗൈഡിൽ ഉൾപ്പെടുത്തിയതായും അധികൃതർ വ്യക്തമാക്കി.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈറ്റിൽ സ്കൂളുകൾ സെപ്റ്റംബറിൽ തുറക്കും
09:02 PM Jul 27, 2021 | Deepika.com