കുവൈറ്റ് സിറ്റി : നീറ്റ് പരീക്ഷകൾക്ക് കുവൈറ്റ്, ദുബായ് എന്നിവിടങ്ങളിൽ കേന്ദ്രങ്ങൾ അനുവദിച്ച കേന്ദ്ര സർക്കാർ തീരുമാനത്തെ രിസാല സ്റ്റഡി സർക്കിൾ സ്വാഗതം ചെയ്തു. ഇത് സംബന്ധിച്ച് 2020 ജൂണിൽ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് ആർ എസ്സി കത്തയച്ചിരുന്നു. അതോടൊപ്പം ഇത്തരം പരീക്ഷകൾക്ക് വെർച്ച്വൽ സംവിധാനം കൊണ്ടുവരണമെന്ന് ആർ എസ്സി ആവശ്യപ്പെട്ടു.
കോവിഡ് രണ്ടാംതരംഗം വ്യാപകമാകുകയും വിമാന സർവീസിന് വിലക്കേർപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിൽ ആയിരക്കണക്കിന് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശ്വാസം നൽകുന്ന തീരുമാനമാണിത്. അതോടൊപ്പം മറ്റു ഗൾഫ് രാജ്യങ്ങളിൽ കൂടി കേന്ദ്രങ്ങൾ അനുവദിക്കേണ്ടതുണ്ടെന്നും ആർ എസ്സി അഭിപ്രായപ്പെട്ടു.
ഇത്തരം സന്ദർഭങ്ങളിൽ വിദ്യാർഥികൾക്ക് പൊതുപരീക്ഷകൾ നഷ്ടപ്പെടാതിരിക്കാൻ സ്ഥിരം സംവിധാനങ്ങൾ ഒരുക്കേണ്ടതുണ്ട്. കുറ്റമറ്റ ഓണ്‍ലൈൻ പരീക്ഷകൾക്ക് രാജ്യാന്തര മാതൃകകൾ ഉണ്ടായിരിക്കെ അവ എളുപ്പവുമാണ്. പഠനവും പരീക്ഷകളും ഡിജിറ്റൽവൽകരിക്കപ്പെട്ട ഈ കാലത്ത് നൂതന സാങ്കേതിക സംവിധാനങ്ങൾ സജ്ജീകരിച്ച് വിദ്യാർഥികളുടെ ഭാവി ആശങ്കകൾ കൂടി അകറ്റാൻ ബന്ധപ്പെട്ടവർ മുൻകൈ എടുക്കണമെന്ന് ആർ എസ്സി ഗൾഫ് കൗണ്‍സിൽ അഭ്യർഥിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
നീറ്റ് പരീക്ഷ: വെർച്ച്വൽ സംവിധാനം കൊണ്ടുവരണമെന്ന് ആർ എസ്സി
12:09 AM Jul 27, 2021 | Deepika.com