ഹജ്ജ് ശുഭസമാപ്തിയിലേക്ക്: ഇന്ന് (ചൊവ്വാഴ്ച) ജംറയിലെ കല്ലേറ്

11:54 AM Jul 20, 2021 | Deepika.com
മക്ക: നാഥന്‍റെ വിളിക്കുത്തരമേകി ഈ വർഷത്തെ ഹജ്ജ് കർമം നിർവഹിക്കാനായി പുണ്യഭൂമിയിലെത്തിയ തീർത്ഥാടകർ രോഗമുക്തമായ ഒരു നല്ല നാളേക്ക് വേണ്ടി ഇരു കാര്യങ്ങളും മുകളിക്കുയർത്തി പ്രാർത്ഥിച്ച ഭക്തിനിർഭരമായ ഒരു പകലിനു ശേഷം ഇന്ന് (ചൊവ്വാഴ്ച) ജംറയിലെ കല്ലേറിനായി മിനായിൽ മടങ്ങിയെത്തി. അറഫായിൽ നിന്നും മടങ്ങും വഴി ഒരു രാവ് മുസ്‌ദലിഫയിൽ പ്രാർത്ഥനയിൽ മുഴുകി കഴിഞ്ഞ ശേഷമാണ് ഹാജിമാർ മിനായിലേക്ക് തിരിച്ചെത്തിയത്.

ഹറാമിലേക്കുള്ള ദിശയിൽ മിനായുടെ അതിർത്തിയിലായാണ് ജംറകൾ സ്ഥിതി ചെയ്യുന്നത്. ഇരുനൂറ് മീറ്റർ വീതം അകലങ്ങളിലുള്ള മൂന്ന് സ്തൂപങ്ങളാണ് ജംറ. ഉച്ചക്ക് ശേഷമാണു കല്ലേറ് നിർവ്വഹിക്കുന്നത്. ഇന്ന് തീർത്ഥാടകർ ജംറതുൽ ഖുബ്റയിലാണ് ഏഴ് കല്ലുകൾ വീതം എറിയുന്നത്. സൗദി അറേബ്യയിൽ ബലി പെരുന്നാൾ ദിനം കൂടിയായ ഇന്നത്തെ കല്ലേറ് പൂർത്തിയാകുന്നതോടെ തീർത്ഥാടകർ തൽബിയത്ത് ചൊല്ലുന്നത് നിർത്തും. ടെന്റുകളുടെ നഗരം ഇനി തക്ബീർ ധ്വനികളാൽ മുഖരിതമാകും. കോവിഡ് പ്രതിരോധത്തിൽ ഏറ്റവും മികച്ച സുരക്ഷയൊരുക്കിയിട്ടുള്ളതിനാൽ ഇത്തവണ കല്ലേറ് ചടങ്ങുകൾ ഹാജിമാർക്ക് ഭംഗിയായി നിർവ്വഹിക്കാനായി. ജനബാഹുല്യം മൂലം ഹജ്ജിന് ഏറ്റവുമധികം അപകടം നടന്നിട്ടുള്ള ഒരു ചടങ്ങാണ് ജംറകളിലെ കല്ലേറ്.

മറ്റ് ജംറകളിൽ കൂടി കല്ലെറിഞ്ഞ് രണ്ടു ദിവസം കൂടി കഴിഞ്ഞാണ് തീർത്ഥാടകർ വിടവാങ്ങൽ ത്വവാഫിനായി മക്കയിലേക്ക് മടങ്ങുന്നത്. കോവിഡ് മൂർദ്ധന്യത്തിൽ നിന്ന കഴിഞ്ഞ വർഷം 10,000 ആഭ്യന്തര ഹാജിമാർക്ക് മാത്രമാണ് ഹജ്ജിനെത്താൻ ഭാഗ്യമുണ്ടായിരുന്നതെങ്കിൽ ഇത്തവണ അത് 60,000 പേർക്കാണ്. മക്കയിൽ തുടരുന്ന കടുത്ത ചൂടിനെ ഹൃദയം തൊട്ട പ്രാർത്ഥനയിലലിയിച്ച് പാപഭാരം സൃഷ്ട്ടാവിനു മുൻപിൽ ഇറക്കി വെച്ച് തീർത്ഥാടകർ പുണ്യഭൂമിയിൽ നിന്ന് മടങ്ങും.

ന്‍റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ