കുവൈറ്റ് സിറ്റി: ഇന്ത്യൻ ഡോക്റ്റേർസ് ഫോറം (ഐഡിഎഫ്) പ്രസിദ്ധീകരിച്ച ’ഹെൽത്ത് ഗൈഡ് 2021’ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് പ്രകാശനം ചെയ്തു. കോവിഡുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഉൾപ്പെടുത്തി കൊണ്ട് പ്രസിദ്ധീകരിച്ച ഗൈഡ് സൗജന്യമായാണ് വിതരണം ചെയ്യുക. ഇന്ത്യൻ എംബസിയിൽ ് നടത്തിയ ചടങ്ങിലാണു പ്രകാശനം നടന്നത്. പുസ്തകം പുറത്തിറക്കാൻ കഴിഞ്ഞതിൽ താൻ അഭിമാനിക്കുന്നുവെന്നും ഇതിനു നേതൃത്വം നൽകിയ ഇന്ത്യൻ ഡോറ്റേർസ് ഫോറത്തേയും അതിന്റെ പ്രവർത്തകരെയും അഭിനന്ദിക്കുന്നതായും സ്ഥാനപതി അറിയിച്ചു.
ഇന്ത്യ കുവൈറ്റ് സഹകരണ ബന്ധത്തിലെ പ്രധാന ഘടകമാണ് ആരോഗ്യ മേഖല. കോവിഡ് മഹാമാരിക്ക് എതിരായ സംയുക്ത പോരാട്ടം കൂടുതൽ ശക്തമാക്കുകയും ചെയ്തു. ആഗോള തലത്തിൽ മുഴുവൻ സൗഹൃദ രാജ്യങ്ങളുടെയും പ്രയോജനം ലക്ഷ്യമാക്കിയാണ് ഭാരതം കോ-വിൻ പ്ലാറ്റ്ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്. കോവിനെ സംബന്ധിച്ച് ഈയിടെ അന്താരാഷ്ട്ര ഡിജിറ്റൽ കോണ്ക്ലേവ് സംഘടിപ്പിച്ചിരുന്നു. ഇതിൽ കുവൈറ്റിൽ നിന്ന് ഉൾപ്പെടെ നിരവധി രാജ്യങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരും വിദഗ്ധരും പങ്കെടുത്തിരുന്നു.
ഡിജിറ്റൽ ഇന്ത്യയുടെ വിജയത്തിന്റെ ഉത്തമ ഉദാഹരണമാണ് കോവിൻ സാങ്കേതിക വിദ്യ. ഇന്ത്യയിൽ കൊവിഡ് വ്യാപനം കുറയുകയും രോഗമുക്തി നിരക്കും, മരണനിരക്കും ആഗോള ശരാശരിയേക്കാൾ കുറവായിരിക്കുകയുമാണ് 40 കോടിയിലധികം പേർക്ക് റെക്കോർഡ് വേഗത്തിൽ പ്രതിരോധ കുത്തിവയ്പ്പുകൾ നടത്തിക്കൊണ്ടിരിക്കുകയുമാണെന്നും അദ്ദേഹം അറിയിച്ചു. ചടങ്ങിൽ ഇന്ത്യൻ എംബസിയിലെ മുതിർന്ന ഉദ്യോഗസ്ഥർ, കുവൈറ്റ് ആരോഗ്യ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് അൽ ഖഷ്തി, കുവൈറ്റ് മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഡോ അഹമ്മദ് അൽ തുവൈനി അൽ അൻസി, കിംസ് ജനറൽ സെക്രട്ടറി ഡോ. ഫവാസ് അൽ രിഫാഈ, ഇന്ത്യൻ ഡോക്റ്റേർസ് ഫോറം പ്രസിഡന്റ് ഡോ. അമീർ അഹമ്മദ് എന്നിവർ സംബന്ധിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഹെൽത്ത് ഗൈഡ് പ്രകാശനം ചെയ്തു
11:23 PM Jul 19, 2021 | Deepika.com