തിരുവല്ല: മലങ്കര മാർത്തോമ സുറിയാനി സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്താമാരായി ഡോ. യുയാക്കീം മാർ കൂറിലോസ്, ജോസഫ് മാർ ബർണബാസ് എന്നിവർ നിയോഗിതരായി. വികാരി ജനറാളായി റവ. ജോർജ് മാത്യു സ്ഥാനമേറ്റു.
സഭാ ആസ്ഥാനമായ തിരുവല്ല പുലാത്തീൻ ചാപ്പലിൽ ഇന്നലെ രാവിലെ വിശുദ്ധ കുർബാന മധ്യേയായിരുന്നു സഫ്രഗൻ മെത്രാപ്പോലീത്തമാരുടെയും പുതിയ വികാരി ജനറാളിന്റെയും സ്ഥാനാരോഹണം.
ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു. ജൂലൈ 18 രാവിലെ 9ന് സഭാ ആസ്ഥാനമായ പുലാത്തീനിലെ ചാപ്പലിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തപ്പെട്ട ശുശ്രൂഷയിൽ മാർത്തോമ സഭയിലെ തിരുമേനിമാരോടൊപ്പം ഇതര സഭകളിലെ മേൽപ്പട്ടക്കാരും സന്നിഹിതരായിരുന്നു.
ഡോ.യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത കുന്നംകുളത്തെ അർത്താട്ട് മാർത്തോമ്മാ ഇടവകയിൽ ഇട്ടിമാണി ഇട്ടിയച്ചന്റെയും ചീരൻ വീട്ടിൽ സാറാമ്മയുടെയും മകനായി 1951 നവംബർ 21 ന് ജനിച്ചു. എരുമപ്പെട്ടി ഗവണ്മെന്റ് ഹൈസ്കൂളിലും തേവര എസ്.എച്ച്, ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലും വിദ്യാഭ്യാസം പൂർത്തീകരിച്ചു. കോട്ടയം മാർത്തോമ വൈദിക സെമിനാരിയിലെ ദൈവ ശാസ്ത്ര പഠനത്തിന് ശേഷം 1978 ഏപ്രിൽ 29ന് മലങ്കര മാർത്തോമ സുറിയാനി സഭയിൽ ശെമ്മാശനായും, 1978 മെയ് 16ന് കശീശായായും പട്ടം കെട്ടപ്പെട്ടു. 1989 നവംബർ 4ന് റന്പാനായും, 1989 ഡിസംബർ 9ന് യുയാക്കിം മാർ കൂറിലോസ് എന്ന നാമധാരിയായി റവ. യുയാക്കീം ചീരൻ മേൽപ്പട്ട സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു.
മാർത്തോമ സഭയുടെ പത്തനാപുരത്തുള്ള ആശാ ഭവൻ, ഭിന്നശേഷിയുള്ള കുഞ്ഞുങ്ങൾക്കായി തുടങ്ങിയ പിടവൂരിലെ റീഹാബിലിറ്റേഷൻ സെന്റർ, കടലോരങ്ങളിലെ കുട്ടികളുടെ നല്ല വിദ്യാഭ്യാസത്തിനായി പള്ളിപ്പാട്ടുള്ള ദീപ്തി ബാലികാ ഭവൻ, മാനസിക വൈകല്യമുള്ള കുട്ടികൾക്കായി മാവേലിക്കരയിലുള്ള ജ്യോതിസ്, മേക്കൊഴൂരിലുള്ള ദീപം ബാലികാ ഭവൻ തുടങ്ങിയ പ്രസ്ഥാനങ്ങൾക്ക് പ്രാരംഭ നേതൃത്വം നൽകിയത് തിരുമേനിയാണ്. അടൂരിലുള്ള മാർത്തോമ യുവജന സഖ്യത്തിന്റെ യൂത്ത് സെന്റർ തിരുമേനിയുടെ ദീർഘവീക്ഷണത്തിൽ ഉളവായതാണ്. സത്യവാടി, ഗാട്ജ്ഗേസ്വെർ, ഒറീസയിലെ കലഹണ്ഡി മിഷൻ തുടങ്ങിയ പ്രസ്ഥാനങ്ങൾക്കും നേതൃത്വം വഹിച്ചു. നിലവിൽ മാർത്തോമ സഭയുടെ കൊട്ടാരക്കര ഭദ്രാസനത്തിന്റെ അധ്യക്ഷനായി പ്രവർത്തിക്കുന്നു.
ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത അഞ്ചേരി ഇലയ്ക്കാട്ടുക്കടുപ്പിൽ
.വി . ജേക്കബിന്റെയും മാങ്ങാനം ചെമ്മരപ്പള്ളിൽ സാറാമയുടെയും മകനായി 1949 സെപ്റ്റംബർ 8 ന് ജനിച്ചു. പുതുപ്പള്ളി സെൻറ് ജോർജ് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും കോട്ടയം ബസേലിയോസ് കോളേജ് , സിഎംസ്. കോളേജ് എന്നിവിടങ്ങളിൽ കോളേജ് വിദ്യാഭ്യാസവും . 1972 -1976 കാലയളവിൽ കൽക്കട്ട ബിഷപ്പ്സ് കോളേജിൽ ദൈവശാസ്ത്ര പഠനവും പൂർത്തീകരിച്ചു. 1976 മെയ് 29ന് മലങ്കര മാർത്തോമ സുറിയാനി സഭയിൽ ശെമ്മാശനായും, 1976 ജൂണ് 12 ന് കശ്ശീശായായും പട്ടം സ്വീകരിച്ചു. 1993 ഓഗസ്റ്റ് 31ന് റന്പാനായും, 1993 ഒക്ടോബർ 2ന് ജോസഫ് മാർ ബർന്നബാസ് എന്ന നാമധാരിയായി റവ. ജോസഫ് ജേക്കബ് മേൽപ്പട്ട സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു.
റിപ്പോർട്ട് : ആൻഡ്രൂസ് അഞ്ചേരി
മലങ്കര മാർത്തോമ സുറിയാനി സഭയുടെ നവ സഫ്രഗൻ മെത്രാപ്പോലീത്താമാർ അഭിഷിക്തതരായി
10:34 PM Jul 19, 2021 | Deepika.com