അബുദാബി: വിനോദ സഞ്ചാര മേഖലയിലെ സാധ്യതകളെ കണ്ടെത്തുന്നതിനും ലോക സഞ്ചാര ഭൂപടത്തിൽ അടയാളപ്പെടുത്തി കൂടുതൽ സഞ്ചാരികളെ വിമാനത്തിൽ എത്തിക്കുന്നതിനുമായി പുതിയ കന്പനി രൂപീകരിച്ചു. ടുറിസം 365 എന്ന കന്പനിയാകും ഇനി വിനോദ സഞ്ചാര മേഖലയിലെ വിവിധ സർക്കാർ സ്വകാര്യ ഏജൻസികളെ കൂട്ടിയിണക്കി സഞ്ചാരികൾക്കു അതുല്യമായ അനുഭവം പ്രധാനം ചെയ്യുന്നതിന് പദ്ധതികൾ നടപ്പിലാക്കുന്നത്.
അബുദാബിയിലെത്തുന്ന വിനോദ സഞ്ചാരികൾക്കു പുതിയ സഞ്ചാര അനുഭവങ്ങൾ സമ്മാനിക്കുന്നതിനു ലക്ഷ്യമിട്ടു അബുദാബി നാഷണൽ എക്സിബിഷൻസ് കന്പനിയാണ് ടൂറിസം 365 എന്ന പുതിയ സ്ഥാപനത്തിന് രൂപം നൽകിയിരിക്കുന്നത്. അബുദാബിയുടെ പ്രാദേശിക, അന്താരാഷ്ട്ര രംഗത്തെ സ്ഥാനം കൂടുതൽ ഉറപ്പിക്കുന്ന ചുമതല പുതിയ കന്പനിയിൽ നിക്ഷിപ്തമാണ് . ക്യാപിറ്റൽ എക്സ്പീരിയൻസ്, ഡെസ്റ്റിനേഷൻ മാനേജ്മെന്റ്, ക്യാപിറ്റൽ ട്രാവൽ എന്നീ മേഖലകളിൽ പുതിയ നിലവാരത്തിലുള്ള യാത്ര അനുഭവങ്ങൾ പുതിയ കന്പനി പ്രദാനം ചെയ്യും. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ വിനോദ സഞ്ചാര മേഖലയിലെ ഏറ്റവും ശ്രദ്ധേയ ലക്ഷ്യസ്ഥാനമായി അബുദാബിയെ മാറ്റിയെടുക്കുക, കൂടുതൽ സഞ്ചാരികളെ ഇവിടേയ്ക്ക് കൊണ്ട് വരുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യ്തു നടപ്പിലാക്കുക എന്നിവ പുതിയ കന്പനിയുടെ ചുമതലയാകും.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
അബുദാബിയിലെ വിനോദ സഞ്ചാര മേഖലയിൽ പുതിയ കന്പനി രൂപീകരിച്ചു
11:41 PM Jun 22, 2021 | Deepika.com