മലയാളം സൊസൈറ്റി യോഗത്തിൽ ബാലകഥകൾ, അനുഭവ വിവരണം

06:52 AM Jun 19, 2021 | Deepika.com
ഹൂസ്റ്റണ്‍: മലയാള ഭാഷയുടെയും സാഹിത്യത്തിന്‍റെയും ബോധവൽക്കരണവും ഉയർച്ചയും വികാസവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഹൂസ്റ്റണിലെ മലയാളം സൊസൈറ്റി ഓഫ് അമേരിക്ക ജൂൺ മാസത്തെ സമ്മേളനം 13നു വൈകുന്നേരം വെർച്വൽ ആയി (സൂം) ഫ്ളാറ്റ്ഫോമിൽ നടത്തി.

മലയാളം സൊസൈറ്റി വൈസ് പ്രസിഡന്‍റ് പൊന്നുപിള്ള അധ്യക്ഷത വഹിച്ചു. നൈനാൻ മാത്തുള്ള മീറ്റിംഗിൽ മോഡറേറ്ററായിരുന്നു. എ.സി ജോർജ് വെർച്വൽ സാങ്കേതിക വിഭാഗം നിയന്ത്രിച്ചു. ഭാഷാ സാഹിത്യ ചർച്ചയിലെ ആദ്യത്തെ ഇനം ജോണ്‍ കൂന്തുറ എഴുതി അവതരിപ്പിച്ച രണ്ടു ബാല ചെറുകഥകളായിരുന്നു. ആദ്യത്തെ കഥയിൽ ഒരു അപ്പനും മക്കളുംകൂടി കായ്കനികളും വിറകും ശേഖരിക്കാനായി കാട്ടിലേക്കു പുറപ്പെടുന്നു. യാത്രാമധ്യത്തിൽ ഉഗ്രപ്രതാപിയായ ഒരു കടുവാ അലറി അടുക്കുന്നതായി അവർ കാണുന്നു. ഭയവിഹ്വലരായ കുട്ടികൾ പേടിച്ചരണ്ട് പിറകോട്ട് ഓടാൻ തുടങ്ങുന്നു. എന്നാൽ പിതാവ് മക്കൾക്ക് ധൈര്യം പകർന്നു കൊടുത്തു. പേടിച്ചോടരുത്. കടുവയ്ക്ക് എതിരെ വിറകു കന്പുകളുമായി എതിരിടുക. അപ്രകാരം കുട്ടികൾ കടുവയെ എതിരിട്ടപ്പോൾ കടുവാ തോൽവിയടഞ്ഞു പിൻതിരിഞ്ഞോടി. ഈ ബാലകഥയിലെ സാരാംശം ഭീഷണികളെ ധൈര്യമായി നേരിടുകയെന്നതാണെന്ന് കഥാകാരൻ വിവക്ഷിക്കുകയാണ്.

രണ്ടാമത്തെ കഥയിൽ ഒരു വീട്ടിലെ വളർത്തുമൃഗങ്ങളായ പൂച്ചയും നായും അവരുടെ കഴിവുകളേയും പ്രാധാന്യത്തേയും പറ്റി എണ്ണി എണ്ണി പറഞ്ഞു അന്യോന്യം തർക്കിക്കുകയായിരുന്നു. എന്നാൽ വീട്ടിൽ കള്ളൻ കയറിയപ്പോൾ നായ് കുരച്ചുകൊണ്ടു കള്ളനെ ഓടിച്ചു. അവിടെ പൂച്ചയ്ക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല. എന്നാൽ എലികൾ അടുക്കളയിൽ കയറിയപ്പോൾ അവയെ പിടിക്കാൻ പൂച്ച വേണ്ടിവന്നു. നായ്ക്ക് അക്കാര്യത്തിൽ ഒന്നും ചെയ്യാൻ പറ്റിയില്ല. കഥയിലെ സാരാംശം ഓരോ മൃഗങ്ങൾക്കു മാത്രമല്ല മനുഷ്യർക്കുതന്നെ വൈവിധ്യമേറിയ കഴിവുകളാണുള്ളത്. ജീവിതത്തിൽ ഒന്നിനേയും വില കുറച്ച് കാണരുത്. എല്ലാ ജീവജാലകങ്ങൾക്കും അതിന്‍റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട് എന്ന പാഠമാണ് നമ്മളെ പഠിപ്പിക്കുന്നത്.

അടുത്തതായി വായിച്ചത് ഒരു ജീവിതാനുഭവ വിവരണങ്ങളായിരുന്നു. ശാന്താപിള്ള തന്‍റെ വിവാഹത്തിനു മുന്പും അതിനുശേഷവും നേരിട്ട ജീവിതാനുഭവങ്ങളുടെ ഏടുകളിൽ നിന്ന് കുറച്ചു സംഭവങ്ങൾ അത്യന്തം ഹൃദയഹാരിയായി അവതരിപ്പിച്ചു. ചെന്നയിലെ സെൻസസ് ഓഫീസിൽ ജോലി ചെയ്തിരുന്ന അവിവാഹിതയായ ലേഖികയുടെ വിവാഹത്തോടും, അതിന്‍റെ പെണ്ണുകാണൽ, തുടങ്ങി പരന്പരാഗത ചുറ്റുവട്ടുങ്ങളോടുമുള്ള കാഴ്ചപാടുകൾ സരസമായി വിവരിക്കുന്നു. വീട്ടിലെ നിർബന്ധത്തിനു വഴങ്ങി ചെന്നൈയിൽ നിന്നു കല്യാണാലോചനയ്ക്കായി നാട്ടിലേക്കു പുറപ്പെടുന്നു. ഏതോ ലക്ഷണം കെട്ട വിരൂപനും കുറുമുണ്ടനും വരനായി പ്രത്യക്ഷപെടാനായിരിക്കുമെന്ന നെഗറ്റീവു ചിന്തയുമായി നാട്ടിലെത്തിയ ലേഖിക വരനായ ചെക്കനെ കണ്ടപ്പോൾ ഞെട്ടിപോയി. കാരണം വരൻ തന്‍റെ സങ്കൽപ്പത്തെ തകിടം മറിച്ചുള്ള സുമുഖനും സുന്ദരനും ഒക്കെ ആയിരുന്നു. പിന്നീടങ്ങോട്ട് വിവാഹശേഷം മണവാളനും മണവാട്ടിയും ഒരുമിച്ചുള്ള ഡൽഹിയിലേക്കുള്ള ട്രെയിൻയാത്രയാണ് അനാവരണം ചെയ്യപ്പെട്ടത്.

യോഗത്തിൽ സന്നിഹിതരായ എഴുത്തുകാരും അനുവാചകരും ഭാഷാസ്നേഹികളുമായ, അനിൽ ആഗസ്റ്റിൻ, ഗോപിനാഥ പിള്ള, ശാന്ത പിള്ള, ടി.എൻ. സാമുവൽ, എ.സി. ജോർജ്, ജോണ്‍ കുന്തറ, ജയിംസ് ചിരതടത്തിൽ, പൊന്നു പിള്ള, ജോർജ് പുത്തൻകുരിശ്, പൊന്നു പിള്ള, ജോസഫ് തച്ചാറ, അല്ലി നായർ, തോമസ് വർഗീസ്, സുകുമാരൻ നായർ, നയിനാൻ മാത്തുള്ള തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

റിപ്പോർട്ട്: എ.സി. ജോർജ്