ന്യൂയോർക്ക്: ഫോമയുടെ വനിതാ സമിതിയുടെ നേതൃത്വത്തിൽ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സ്ത്രീകളിൽ അവബോധമുണ്ടാക്കുന്നതിനും നിയമവശങ്ങളെ കുറിച്ച് അറിവ് നൽകുന്നതിനും സ്ത്രീകൾക്കെതിരായ അവമതിപ്പുകളും, കുപ്രചാരണങ്ങളും തടയുകയും അതിനെതിരായ കർമ്മ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയും ജൂണ്‍ 15 ചൊവ്വാഴ്ച വൈകിട്ട് ഈസ്റ്റേണ്‍ സ്റ്റാൻഡേർഡ് സമയം 9 മണിക്ക് സ്ത്രീ ശാക്തീകരണ സെമിനാർ സംഘടിപ്പിക്കുന്നു.
സാമൂഹ്യ-സാംസ്കാരിക- പ്രവർത്തന രംഗങ്ങളിലെ നിരന്തരമായ ഇടപെടലുകളിലൂടെയും, ജീവ കാരുണ്യ പ്രവർത്തികളിലൂടെ സമൂഹത്തിന്റെയും അവശതയനുഭവിക്കുന്നവരുടെയും, വേദനകളും സങ്കടങ്ങളും അറിയുകയും ചെയ്യുന്ന ഫോമയുടെ ദേശീയ നിർവാഹക സമിതിയുടെ പരിപൂർണ സഹകരണത്തോടെയുമാണ് സ്ത്രീ ശാക്തീകരണ സെമിനാർ സംഘടിപ്പിക്കുന്നത്.
സെമിനാറിൽ ശീമാട്ടി എന്ന പ്രശസ്ത വസ്ത്ര വ്യാപാര സ്ഥാപനയുടമയും ഫാഷൻ ഡിസൈനറുമായ ബീനാ കണ്ണൻ, തിരുവനന്തപുരം ജില്ലാ കളക്ടർ കെ. വാസുകി ഐഎഎസ്, ടെക്സസ് ഫോർബെൻഡ് കൗണ്ടി ജഡ്ജ് ജൂലി മാത്യു എന്നിവർ പങ്കെടുക്കും.
ചരിത്രത്തിലുടനീളം വനിതകൾ സാമൂഹ്യ പരിഷ്കരണത്തിന്റെ ഭാഗമായി ചെയ്തിട്ടുള്ള സംഭാവനകൾ വിസ്മരിക്കാവുന്നതല്ല. സ്ത്രീകളുടെ സന്പൂർണവും ഫലപ്രദവുമായ പങ്കാളിത്തം എല്ലാ മേഖലകളിലും ഉണ്ടായിട്ടുണ്ട്. എല്ലാ മതങ്ങളും സ്ത്രീകളുടെ പരിരക്ഷയെ കുറിച്ചും അവർ സംരക്ഷിക്കപ്പെടേണ്ടതിന്റെ മഹത്വത്തെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ടെങ്കിലും, സ്ത്രീകൾക്ക് സമൂഹത്തിൽ ലഭിക്കേണ്ട സ്ഥാനങ്ങളോ, അർഹിക്കുന്ന പരിരക്ഷയോ ലഭിക്കുന്നതിന് അവകാശ സമരങ്ങളുടെ പോർമുഖങ്ങൾ തുറക്കേണ്ട അവസ്ഥയിലായിരുന്നുവെന്നത് വിസ്മരിക്കാനാവാത്ത സത്യമാണ്. എന്നാൽ നിരന്തരമായ നിയമ പോരാട്ടങ്ങളിലൂടെയോ, മാധ്യമ വിചാരണകളിലൂടെയോ, നീതി നേടിയെടുക്കേണ്ട അവസ്ഥാ വിശേഷവും നിലവിലുണ്ട്. സാമൂഹ്യ-സാംസ്കാരിക-പ്രവൃത്തി മണ്ഡലങ്ങളിൽ സ്ത്രീകൾ ഉന്നതികൾ കൈയടക്കുന്പോഴും, സ്ത്രീകളും പെണ്‍കുട്ടികളും അപമാനിക്കപ്പെടുകയോ, സാമൂഹ്യ പ്രവർത്തനരംഗത്ത് നിന്ന് അവരെ വിലക്കുകയോ ചെയ്യുന്ന അവസ്ഥയും നിലവിലുണ്ട്.
സ്ത്രീ ശാക്തീകരണത്തെ പ്രാധാന്യത്തെക്കുറിച്ചും, സ്ത്രീകൾ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചും അറിവുകൾ പങ്കുവയ്ക്കുന്ന സെമിനാറിൽ എല്ലാവരും പങ്കുകൊള്ളണമെന്ന് വനിതാ ദേശീയസമിതി ചെയർ പേഴ്സണ്‍ ലാലി കളപ്പുരക്കൽ, വൈസ് ചെയർപേഴ്സണ്‍ ജൂബി വള്ളിക്കളം, സെക്രട്ടറി ഷൈനി അബൂബക്കർ, ട്രഷറർ ജാസ്മിൻ പരോൾ എന്നിവർ അഭ്യർഥിച്ചു.
മീറ്റിംഗ് ലിങ്ക്: https://zoom.us/j/97334229583
ഫോമാ വനിതാസമിതി സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സെമിനാർ സംഘടിപ്പിക്കുന്നു
10:20 PM Jun 15, 2021 | Deepika.com