ന്യൂജേഴ്സി : ബെർഗൻ കൗണ്ടി റിവർ വെയ്ൽ ടൗണിൽ നിന്നുള്ള മലയാളി വിദ്യാർഥി ദി പാസ്കക്ക് വാലി റീജിയണൽ ഡിസ്ട്രിക്റ്റ് ഹൈസ്കൂളിന്റെ 2021 വർഷത്തെ മികച്ച വിദ്യാർഥിയായി തെരഞ്ഞെടുക്കപ്പെട്ടു. ബെർഗൻ കൗണ്ടിയിലുള്ള നാല് പ്രമുഖ ടൗണ്‍ഷിപ്പുകളിൽ നിന്നുള്ള വിദ്യാർഥികളടങ്ങുന്ന പാസ്കായ്ക് വാലി റീജണൽ ഹൈസ്കൂളിൽ നിന്നാണ് വിൽബെർട്ട് ഈ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
2018 ലും റിവർ വെയ്ൽ റോബർട്ട് ജെ മിഡിൽ സ്കൂളിലും ക്ലാസിലെ ഉയർന്ന മാർക്ക് നേടുന്ന വിദ്യാർഥിയായിരുന്നു. എസിറ്റി എൻട്രൻസ് എക്സാമിനേഷനിൽ 100 ശതമാനം സ്കോർ നേടിയ വിൽബെർട്ട് ന്യൂജേഴ്സിയിലെ പ്രമുഖമായ പ്രിൻസ്റ്റണ്‍ യൂണിവേഴ്സിറ്റിയിൽ സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ഇൻ അപ്ലൈഡ് സയൻസിൽ ഡിഗ്രിക്ക് പഠിക്കുവാൻ ഒരുങ്ങുകയാണ്.
2020ൽ കാലിഫോർണിയയിലെ നാസ അമേസ് റിസർച്ച് സെന്ററിൽ നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷനിൽ റിസർച്ച് ഇന്‍േറണ്‍ഷിപ്പിനായി വിൽബർട്ട് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
പാസ്കായ്ക് പയനിയേഴ്സിന്റെ (എഫ്ആർസി ടീം 1676) വാഴ്സിറ്റി റോബോട്ട് പ്രോഗ്രാമിംഗ് ലീഡായിരുന്ന വിൽബെർട്ട് പാസ്കക്ക് വാലി റീജിയണൽ ഹൈസ്കൂൾ ഡിസ്ട്രിക്റ്റ് ടെക്നോളജി കമ്മിറ്റിയിലെ നിലവിലെ ബോർഡ് അംഗം കൂടിയാണ്.
ന്യൂജേഴ്സിയിലെ സാക്ക് ലാറ്റേരി ഫൗണ്ടേഷന്റെ സ്റ്റുഡന്റ് അംബാസഡറായി തെരഞ്ഞെടുക്കപ്പെട്ട വിൽബർട്ട് ചാരിറ്റി ഈവന്റുകളിൽ നിന്നും മറ്റ് ഫണ്ട് റെയ്സിംഗിലൂടെയും 15,000 ഡോളറിലധികം സമാഹരിക്കുകയുണ്ടായി, ഭവനരഹിതരായ കുട്ടികൾക്ക് വേണ്ടി ന്യൂജേഴ്സിയിൽ നടത്തിയ ക്യാന്പ് ലോട്ട്സ് ഓഫ് ഫണ്‍’ എന്ന ക്യാന്പിന്റെ കൗണ്‍സിലറായിരുന്നു വിൽബെർട് ജോസഫ് .
ഹൈസ്കൂൾ ഡിബേറ്റ് ടീമിലെ അംഗം കൂടിയായ വിൽബർട്ട് ന്യൂജേഴ്സി പാറ്റേഴ്സണ്‍ സെന്റ് ജോർജ്ജ് സിറോമാലബാർ പള്ളിയിലെ അംഗവും ആക്റ്റീവ് യൂത്ത് മെന്പറുമാണ്
സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റും ടാക്സ് പ്രാക്ടീഷണറുമായ ബാബു ജോസഫിന്റെയും ന്യൂയോർക്കിലെ റോക്ക് ലാൻഡ് സൈക്യാട്രിക് സെന്ററിലെ സോഷ്യൽ വർക്കറും യൂണിറ്റ് കോർഡിനേറ്ററുമായ ആൻസി ജോസഫിന്റെയും മൂന്നു മക്കളിൽ ഒരാളാണ് വിൽബെർട്ട് ജോസഫ്. സഹോദരങ്ങൾ: റോബർട്ട് ജോസഫ്, (ജെപി മോർഗൻ ചെയ്സ് ബാങ്കിംഗ് ടെക്നോളജി ഓഡിറ്റർ), ആൽബർട്ട് ജോസഫ് (റട്ട്ഗേഴ്സ് യൂണിവേഴ്സിറ്റി എഞ്ചിനീയറിംഗ് വിദ്യാർഥി).
റിപ്പോർട്ട്: ജോസഫ് ഇടിക്കുള
പാസ്കായ്ക് വാലി ഹൈസ്കൂളിലെ മികച്ച വിദ്യാർഥിയായി വിൽബെർട്ട് ജോസഫിനെ തെരഞ്ഞെടുത്തു
11:05 PM Jun 14, 2021 | Deepika.com