ദുബായ് : ഭാവിയിലെ വികസനം മുന്നിൽ കണ്ട് പൊതുഗതാഗത രംഗത്ത് ആധുനികവൽക്കരണ സാധ്യതകൾ തേടുകയാണ് ദുബായ് നഗരം. ചൈനയിലെ സ്കൈ റെയിൽ കന്പനിയുമായി ചേർന്ന് നഗരത്തിനു മുകളിലൂടെ പായുന്ന മോണോ റെയിൽ പദ്ധതിയാണ് പുതുതായി ആസൂത്രണം ചെയ്യുന്നത്.
ചൈനീസ് സ്കൈ റെയിൽ കന്പനിയായ സോങ് ടാങ് റെയിൽവേ ഗ്രൂപ്പുമായി ചേർന്നാണ് ദുബായ് റോഡ്സ് ആൻഡ് ട്രാസ്പോർട്ട് കന്പനി ഭാവിയുടെ ഗതാഗത സാധ്യതകൾ തേടുന്നത്. ഇതോടൊപ്പം മറ്റു നാലു കന്പനികളുടെ ഗതാഗത സംവിധാനങ്ങളും ആർടിഎ പരിഗണിക്കുന്നുണ്ട്.
തൂക്കിയിട്ടിരിക്കുന്ന ഒറ്റപാളത്തിലൂടെ പായുന്ന സ്കൈ പോഡ് യാത്ര സംവിധാനമാണ് കന്പനി ചൈനയിൽ നിർമ്മിച്ചിരിക്കുന്നത്. പാണ്ടയുടെ ആകാരഭംഗയിൽ നിർമ്മിച്ചിരിക്കുന്ന സ്കൈ പോഡ് ഏറെ ആകർഷകമാണ്. ഭൂമിയിൽ നിന്നും അഞ്ചു മീറ്റർ വരെ ഉയരത്തിൽ സഞ്ചരിക്കുന്ന സ്കൈ പോഡ് 60 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കും. ലിത്തിയം ബാറ്ററികളാണ് ഉപയോഗിക്കുന്നത്. ആധുനികവൽക്കരണത്തിലൂടെ കൂടുതൽ ആളുകളെ പൊതുഗതാഗത സംവിധാനങ്ങളിലേക്കു എത്തിക്കുക എന്നതാണ് ആർടിഎ ലക്ഷ്യമിടുന്നത്. ജീവിക്കുന്നതിനും, വ്യാപാരം നടത്തുന്നതിനും വിനോദ സഞ്ചാരത്തിനും ലോകത്തിലെ ഏറ്റവും അനുയോജ്യ ഇടമായി ദുബായ് നഗരത്തെ മാറ്റിയെടുക്കുക എന്നതാണ് ആത്യന്തിക ലക്ഷ്യമെന്ന് ആർടിഎ ചീഫ് എക്സിക്യൂട്ടീവ് അബ്ദുൽ മൊഹ്സീൻ യൂനസ് അഭിപ്രായപ്പെട്ടു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
പൊതുഗതാഗത രംഗം ആധുനികവൽക്കരിക്കാൻ മോണോ റെയിൽ പദ്ധതിയുമായി ദുബായ് നഗരം
10:59 PM Jun 10, 2021 | Deepika.com