അബുദാബി : അൽഹൊസൻ ആപ്ലിക്കേഷനിൽ കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് പുതിയ കളർ കോഡുകൾ നൽകികൊണ്ട് ആരോഗ്യ - രോഗ പ്രതിരോധമന്ത്രാലയം പുതിയ ഔപചാരിക പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നു. കേന്ദ്ര - പ്രാദേശിക സർക്കാർ അധികൃതർക്ക് അൽഹൊസൻ ആപ്പിലെ കളർ കോഡുകൾ അനുസരിച്ചു പ്രവേശനാനുമതി അടക്കമുള്ള നടപടിക്രമങ്ങളിൽ തീരുമാനമെടുക്കാമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
പൗര·ാർക്കും താമസക്കാർക്കും വിനോദ സഞ്ചാരികൾക്കും സുരക്ഷിതവും, ആരോഗ്യപൂർണവുമായ അന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നത്. കോവിഡ് വാക്സിൻ രണ്ടു ഡോസും സ്വീകരിച്ച് 28 ദിവസങ്ങൾ പൂർത്തിയാക്കിയവർ, ഒരു ഡോസ് പൂർത്തിയാക്കിയവർ, വാക്സിൻ എടുക്കാത്തവർ, പിസിആർ ടെസ്റ്റ് എടുത്തവർ തുടങ്ങിയ വിവിധ തരത്തിലുള്ളവരെ ക്രോഡീകരിച്ചാണ് കളർ കോഡ് നൽകിയിരിക്കുന്നത്. രണ്ടു ഡോസും എടുത്തവർക്കു 30 ദിവസം വരെ പച്ച നിറമായിരിക്കും അൽഹൊസൻ ആപ്പിലുണ്ടാകുക.
ഗോൾഡ് സ്റ്റാർ, ഇ എന്നീ സ്റ്റാറ്റസുകൾ പിസിആർ എടുത്തു 7 ദിവസത്തേക്കാണ് കാണുന്നത്. 30 ദിവസത്തിന് ശേഷം ഇത് ഗ്രേ കളർ ആയി മാറും. സെക്കന്റ് ഡോസ് എടുക്കുന്നതിനായി കാത്തിരിക്കുന്നവർ പിസിആർ നെഗറ്റീവ് ആണെങ്കിൽ 7 ദിവസം വരെ ഗ്രീൻ കളർ കാണിക്കും. സെക്കൻഡ് ഡോസ് എടുക്കാൻ 48 ദിവസത്തിലധികം താമസിച്ചാൽ പിസിആർ നെഗറ്റീവ് ഫലം മൂന്നു ദിവസത്തേക്ക് മാത്രമേ ഗ്രീൻ നിറത്തിൽ കാണിക്കുകയോള്ളൂ. ഗ്രീൻ നിറത്തിലുള്ളവരുടെ വാക്സിൻ സ്റ്റാറ്റസ് അനുസരിച്ചു പിസിആർ ഫലം തെളിയുന്നതിനു നൽകിയിട്ടുള്ള നിശ്ചിത കാലയളവ് കഴിയുന്പോൾ ഗ്രേ നിറത്തിലേക്കു പോകും . അൽഹൊസൻ ആപ്പിൽ ഗ്രേ നിറം കാണിക്കുന്പോൾ അതിന്റെ അർഥം കോവിഡ് പരിശോധന ഫലത്തിന്റെ കാലാവധി കഴിഞ്ഞിരിക്കുന്നു എന്നാണ്. പോസിറ്റീവ് ഫലം ലഭിക്കുന്നവർക്കാണ് ആപ്പിൽ ചുവപ്പ് നിറം ലഭിക്കുന്നത്. ചുവപ്പ് ലഭിക്കുന്നവർ മന്ത്രാലയം നൽകിയിരിക്കുന്ന അംഗീകൃത നിബന്ധനകൾ പാലിക്കാൻ ബാധ്യസ്ഥരാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിനും ഓഫീസുകളിൽ പ്രവേശിക്കുന്നതിനും അൽഹൊസിനിൽ പച്ച തെളിയണം
11:33 PM Jun 09, 2021 | Deepika.com