ജൂണ്‍ 6 ഞായറാഴ്ച കുര്യാക്കോസച്ചനെ ദേവാലയകവാടത്തിൽ കൈക്കാരന്മാരായ പോളച്ചൻ വറീദ്, ജോർജ് വി. ജോർജ്, സജി സെബാസ്റ്റ്യൻ, ബിനു പോൾ, പാരിഷ് കൗണ്‍സിൽ, ഭക്തസംഘടനകൾ, മതാധ്യാപകർ, ഇടവകകാംഗങ്ങൾ എന്നിവർചേർന്ന് സ്വീകരിച്ചു. തുടർന്ന് ദിവ്യബലിയർപ്പണത്തിനായി അച്ചനെ കൈക്കാര·ാരും പാരീഷ് കൗണ്‍സിൽ അംഗങ്ങളും, അൾത്താര ശുശ്രൂഷികളും മദ്ബഹായിലേക്ക് ആനയിച്ച് കൈക്കാരന്മാർ ബൊക്കെ നൽകി സ്വീകരിച്ചു. ഇടവകയുടെ ഹാർദ്ദവമായ സ്വാഗതം കൈക്കാര·ാരായ പോളച്ചൻ വറീദും, ബിനു പോളും ആശംസിക്കുകയും, അച്ചന്റെ പുതിയ അജപാലനദൗത്യത്തിന് എല്ലാവിധ മംഗളങ്ങളും നേരുകയും ചെയ്തു.
മാനന്തവാടി രൂപതയ്ക്കുവേണ്ടി 1986 മെയ് 13ന് ബിഷപ് മാർ ജേക്കബ് തൂങ്കഴിയിൽ നിന്നും തിരുപ്പട്ടം സ്വീകരിച്ച ഫാ. കുര്യാക്കോസ് കുന്പക്കീൽ പനമരം കല്ലുവയൽ സെന്റ് മേരീസ് ഇടവകാംഗമാണ്. 9 സഹോദരങ്ങളിൽ ബനഡിക്ടൈൻ സഭാംഗമായ ജ്യേഷ്ഠസഹോദരൻ ഫാ. ജയിംസ് കുന്പക്കീൽ ഒഎസ്ബി ഇൻഡ്യാനയിൽ 13 വർഷങ്ങളായി സേവനമëഷ്ഠിക്കുന്നു. മറ്റു സഹോദരങ്ങൾ നാട്ടിൽ തന്നെ. മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.
മാനന്തവാടിരൂപതയിലെ 8 സീറോമലബാർ ദേവാലയങ്ങളിൽ 25 വർഷങ്ങളോളം വികാരിയായി സേവനമനുഷ്ഠിച്ചശേഷം ഷിക്കാഗോ സീറോമലബാർ രൂപതാ സേവനത്തിനായി 2011 ൽ അമേരിക്കയിലെത്തിയ ഫാ. കുര്യാക്കോസ് കുന്പക്കീൽ ഷിക്കാഗോ സീറോമലബാർ രൂപതാ കാര്യാലയം, ഒക്ലഹോമാ ഹോളി ഫാമിലി, മയാമി കൊറൽ സ്പ്രിംഗ്സിലുള്ള (ഫോർട്ട് ലോഡർഡെയിൽ) ഒൗർ ലേഡി ഓഫ് ഹെൽത്ത്, കാലിഫോർണിയ സാൻ ബർണാഡിനോയിലുള്ള സെ. അൽഫോൻസാ എന്നീ സീറോമലബാർ ഇടവകദേവാലയങ്ങളിൽ വികാരിയായി 10 വർഷത്തെ സേവനത്തിനുശേഷമാണിപ്പോൾ ഫിലഡൽഫിയ ഇടവകയുടെ പുതിയ വികാരിയായി ചാർജെടുത്തിരിക്കുന്നത്. കുന്പക്കീലച്ചന്റെ മൂന്നരദശാബ്ദക്കാലത്തെ പൗരോഹിത്യജീവിതത്തിലെ പന്ത്രണ്ടാമത്തെ ഇടവകയാണ് ഫിലഡൽഫിയ; യു എസിലെ നാലാമത്തേതും.
തന്റെ മറുപടി പ്രസംഗത്തിൽ ഫാ. കുര്യാക്കോസ് കുന്പക്കീൽ തനിക്ക് മുൻപു ഫിലഡൽഫിയ ഇടവകയിൽ സേവനം ചെയ്ത ഫാ. ജേക്കബ് ക്രിസ്റ്റി പറന്പുകാട്ടിൽ, ഫാ. ജോണ്‍ മേലേപ്പുറം, ഫാ. അഗസ്റ്റിൻ പാലക്കാപ്പറന്പിൽ, ഫാ. ജോണിക്കുട്ടി പുലിശേരി, ഫാ. വിനോദ് മഠത്തിപ്പറന്പിൽ എന്നീ വികാരിമാരെയും, 2005 ൽ ഇടവകയാകുന്നതിനുമുൻപു രണ്ടുപതിറ്റാണ്ടോളം ഫിലഡൽഫിയ സീറോമലബാർ മിഷനിൽ നിസ്വാർത്ഥസേവനം ചെയ്ത സിഎംഐ സഭാ വൈദികരെയും മറ്റു അൽമായനേതാക്കളെയും നന്ദിയോടെ അനുസ്മരിച്ചു.
റിപ്പോർട്ട്: ജോസ് മാളേയ്ക്കൽ