കൊല്ലങ്കോട് : മുതലമടയിൽ ആനക്കുട്ടം ജനവാസ കേന്ദ്രത്തിലെത്തിയത് തുരത്താൻ പടക്കം പൊട്ടിച്ച യുവാവിന്റെ വലതു കൈക്ക്്് പരിക്കേറ്റു.
പലകപ്പാണ്ടി, ചുക്കിരിയാൽ, പൊന്നുച്ചാമിയുടെ മകൻ പ്രതീഷ് (22)നാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകുന്നേരം ആറരയ്ക്കാണ് മൂന്നു ആനകൾ പലപ്പാണ്ടി ജനവാസ കേന്ദ്രത്തിലെത്തിയത്.
സ്ഥലത്ത് 12 വീടുകളുണ്ട്. തകര വീപ്പയടിച്ച് ബഹളം വച്ചിട്ടും ആനപിന്തിരിയാതെ വീടുകൾക്കു സമീപം എത്തുകയായിരുന്നു. ഈ സമയത്താണ് പടക്കം പൊട്ടിച്ച് ആന എത്തുന്ന വഴിയിലേക്ക് ഏറിഞ്ഞത്. എന്നാൽ കത്തിച്ച പടക്കത്തിൽ നിന്നുണ്ടായ തീപ്പൊരി വീണ് താഴെ വച്ചിരുന്ന പടക്കം പൊട്ടിയാണ് പ്രതീഷിനു പരിക്കേറ്റത്.
വിവരം അറിയിച്ചതിനെ തുടർന്ന് കൊല്ലങ്കോട് വനംവകുപ്പ് അധികൃതർ ചുക്കരിയാലിലെത്തി പ്രതീഷിനെ ഉടൻ തന്നെ വാഹനത്തിൽ കയറ്റി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നല്കി പിന്നീട് വീട്ടിലെത്തിച്ചു.
ഈ സ്ഥലത്ത് ആഴ്ചയിൽ രണ്ടും മൂന്നും തവണ ആനകൾ എത്തുന്നതായി നാട്ടുകാർ അറിയിച്ചു. മുൻ കാലങ്ങളിൽ അർധരാത്രി സമയങ്ങളിലെത്തി നേരം പുലരുന്പോൾ തിരിച്ചുപോവുന്ന ഇപ്പോൾ ആനകൾ രാപ്പകൽ വ്യത്യാസമില്ലാതെ എത്തുന്നതായി നാട്ടുകാർ അറിയിച്ചു.
മുതലമടയിൽ ആനക്കൂട്ടത്തെ തുരത്താൻ പടക്കം പൊട്ടിച്ച യുവാവിനു പരിക്ക്
01:08 AM Dec 10, 2022 | Deepika.com