കണ്ണൂർ: യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ ദ്വിദിന പഠന ക്യാമ്പ് (യുവ ചിന്തൻ ശിവിർ) ഇന്ന് തുടങ്ങും. മാടായിപ്പാറയിൽ പ്രത്യേകം സജ്ജമാക്കിയ 'സതീശൻ പാച്ചേനി' നഗറിൽ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പതാക ഉയർത്തുന്നതോടെ ക്യാമ്പിന് തുടക്കമാകും. വൈകുന്നേരം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ ഉദ്ഘാടനം ചെയ്യും. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് അധ്യക്ഷത വഹിക്കും. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് മുഖ്യപ്രഭാഷണം നടത്തും.
തുടർന്ന് 'കേരള ഭരണവും സാമ്പത്തിക വിനിയോഗവും' എന്ന വിഷയത്തെ അധികരിച്ച് സിഎംപി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ജോണും, "പരിസ്ഥിതി സൗഹൃദവും വികസിത കേരളവും" എന്ന വിഷയത്തിൽ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠനും പ്രഭാഷണം നടത്തും.രാത്രി 7.30 ന് നടക്കുന്ന സാംസ്കാരിക സദസിൽ "ആവിഷ്കാര സ്വാതന്ത്ര്യത്തിന് അതിർവരമ്പുകളോ" എന്ന വിഷയത്തെ അധികരിച്ച് നടക്കുന്ന സംവാദത്തിൽ ഗാനരചയിതാവ് രമേശൻ കാവിൽ, സിനിമാ താരങ്ങളായ സന്തോഷ് കീഴാറ്റൂർ, സുബീഷ് സുബി തുടങ്ങിയവർ പങ്കെടുക്കും. ചടങ്ങിൽ യൂത്ത് കോണ്‍ഗ്രസ് മുഖമാസിക "സോഷ്യലിസ്റ്റ് യൂത്ത്" എഡിറ്റർ മുഹ്സിൻ കാതിയോട് മോഡറേറ്ററായിരിക്കും.
തുടർന്ന് നടക്കുന്ന സെഷനിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്: ഇന്നലെ , ഇന്ന് , നാളെ എന്ന വിഷയത്തിൽ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എം. ലിജു ക്ലാസ് നയിക്കും. തുടർന്ന് മുൻ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി അനുസ്മരണം "സ്മരണാഞ്ജലി" നടക്കും. രാത്രി പത്തിന് നടക്കുന്ന കലാവിരുന്നില്‍ ജോൺസൺ പുഞ്ചാക്കാട് നേതൃത്വം നൽകുന്ന ഫ്ലൂട്ട് സോളോ ഫ്യൂഷന്‍ അരങ്ങേറും. തുടർന്ന് ജനഗണമന സിനിമ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ് "യുവതയും നിലപാടും" എന്ന വിഷയത്തില്‍ പ്രതിനിധികളുമായി സംവദിക്കും. രാത്രി 11 ന് സംഘടനാ-രാഷ്ട്രീയ-പരിസ്ഥിതി പ്രമേയങ്ങളുടെ അവതരണം, തുടർന്ന് പ്രമേയ ചർച്ച.
നാളെ രാവിലെ രാഷ്ട്രീയ സംഭവ വികാസങ്ങളെ അധികരിച്ച് ചർച്ച നടക്കും. രാവിലെ" നെഹ്റുവിയൻ കാഴ്ച്ചപ്പാടും വര്‍ത്തമാനകാല ഇന്ത്യയും" എന്ന വിഷയത്തില്‍ പ്രമുഖ എഴുത്തുകാരന് പി. സുരേന്ദ്രൻ ക്ലാസ് നയിക്കും. മാധ്യമധർമം:ഭരണകൂട പ്രീതിയോ സാമൂഹ്യ പ്രതിബദ്ധതയോ..? എന്ന വിഷയത്തിൽ മാധ്യമപ്രവർത്തകൻ എസ്.എ. അജിംസ് ക്ലാസ് എടുക്കും. തുടർന്ന് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന ലഹരിവിരുദ്ധ കാന്പയിന്റെ ഭാഗമായി "ഉണരണം യുവത്വം..വെടിയണം ലഹരി " എന്ന വിഷയത്തില്‍ കവിയരങ്ങ് നടക്കും. കെ.സി.ഉമേഷ് ബാബു, അഹമ്മദ് പി. സിറാജ് , പയ്യന്നൂർ വിനീത് കുമാർ തുടങ്ങിയവർ സംബന്ധിക്കും.
ഉച്ചയ്ക്ക് ഭരണഘടനാ മൂല്യങ്ങളെ തകർക്കുന്ന സംഘ്പരിവാർ ഏകാധിപത്യത്തിനെതിരേ ഇ.ആർ. വിനോദ് ക്ലാസെടുക്കും. രാജ്മോഹൻ ഉണ്ണിത്താൻ എംപി, സണ്ണി ജോസഫ് എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, മറ്റുഭാരവാഹികൾ തുടങ്ങിയവർ ക്യാമ്പിനെ അഭിസംബോധന ചെയ്യും.
യൂത്ത് കോൺഗ്രസ് പഠനക്യാമ്പിന് ഇന്ന് തുടക്കം
12:38 AM Dec 10, 2022 | Deepika.com