കിഴക്കമ്പലം: ഐക്കരനാട് പഞ്ചായത്ത് കൃഷി ഭവന്റെ പരിപാടിക്ക് തന്നെ വിളിച്ചു വരുത്തി അപമാനിച്ചതിനാലാണ് പരാതി നൽകിയതെന്ന് പി.വി.ശ്രീനിജിൻ എംഎൽഎ. നവംബർ 17 ലെ പരിപാടിക്ക് പഞ്ചായത്ത് പ്രസിഡന്റും കൃഷി ഓഫീസറും രേഖാമൂലവും നേരിട്ടും തന്നെ ക്ഷണിച്ചിരുന്നു. താനെത്തിയ ഉടൻ പഞ്ചായത്ത് പ്രസിഡന്റും മെമ്പർമാരും വേദി വിട്ടിറങ്ങി താഴെ ഇരുന്നു. താൻ വേദി വിട്ടു പോയപ്പോഴാണ് ഇവർ ഇവിടേക്ക് കയറിയത്.
ജനപ്രതിനിധി എന്ന നിലയിൽ ഇത് അപമാനവും വേദനയുമുണ്ടാക്കി. ഇതിൽ സെപ്റ്റംബർ രണ്ടിന് പോലീസിന് പരാതി നൽകിയിരുന്നു. ഇതിനു മുമ്പും ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിൽ നിന്നും ദുരനുഭവം ഉണ്ടായിട്ടുണ്ട്. ക്ഷണിച്ചു വരുത്തിയിട്ട് അപമാനിച്ചത് ദുഃഖകരമാണെന്നും ശ്രീനിജിൻ പറഞ്ഞു. വിളിക്കാച്ചാത്തം ഉണ്ണാൻ പോകുന്നവൻ, വൃത്തികെട്ടവൻ, വലിഞ്ഞു കേറി വരുന്നവൻ എന്നിങ്ങനെ സഭ്യമല്ലാത്ത പ്രയോഗങ്ങളും സാബു തനിക്കെതിരെ നടത്തിയിട്ടുണ്ടെന്നും അതിൽ വേദന തോന്നാറുണ്ടന്നും എംഎൽഎ ആരോപിച്ചു.
പരാതി നൽകിയത് അപമാനിച്ചതിന്: ശ്രീനിജിൻ
12:32 AM Dec 10, 2022 | Deepika.com