അങ്കമാലി: പ്ലാസ്റ്റിക് വിമുക്ത പരിസ്ഥിതിയ്ക്കായി വിദ്യാർഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ വേറിട്ട മാതൃക ഒരുക്കി അങ്കമാലി ഫിസാറ്റ് എൻജിനിയറിംഗ് കോളജ്. ഇവർ നിർമിച്ച ആയിരത്തിലധികം പേപ്പർ ബാഗുകൾ പുതുവത്സര സമ്മാനമായി മൂക്കന്നൂർ പഞ്ചായത്തിലും സമീപത്തെ കടകളിലും വിദ്യാർഥികളും അധ്യാപകരും ചേർന്ന് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലട്ടിക്ക് വിദ്യാർഥികൾ നിർമിച്ച പേപ്പർ ബാഗുകൾ കൈമാറി. വിദ്യാർഥികളുടെയും അധ്യാപകരുടെയും പ്രകൃതി സംരക്ഷണ കൂട്ടായ്മയായ സ്വാൻ ആണ് ഉദ്യമത്തിനു നേതൃത്വം നൽകുന്നത്.
ചടങ്ങിൽ ഫിസാറ്റ് ചെയർമാൻ പി.ആർ. ഷിമിത്ത്, പ്രിൻസിപ്പൽ ഡോ. മനോജ് ജോർജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ രാധാകൃഷ്ണൻ, വാർഡംഗങ്ങൾ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വിനോദ് പി. നായർ, സ്വാൻ കോ-ഓർഡിനേറ്റർമാരായ ഇ.ജി. അനൂപ്, ജെസ്ലിൻ പി. ജോ തുടങ്ങിയവർ പങ്കെടുത്തു.
പ്ലാസ്റ്റിക് രഹിത സന്ദേശത്തിനു വേറിട്ട മാതൃകയുമായി ഫിസാറ്റ്
12:27 AM Dec 10, 2022 | Deepika.com