കൊച്ചി: വൈപ്പിൻ-ഫോർട്ട്കൊച്ചി ദ്വീപുകൾ തമ്മിൽ ബന്ധിപ്പിച്ചുള്ള ജലഗതാഗത യാത്രാക്ലേശത്തിന് പരിഹാരമാകാൻ ഫോർട്ട്കൊച്ചി-മുളവുകാട് റൂട്ടിൽ പുതിയ റോ-റോ സർവീസിനൊരുങ്ങി കൊച്ചി കോർപറേഷൻ. വൈപ്പിൻ-ഫോർട്ട്കൊച്ചി റൂട്ടിലെ ഒരു റോ-റോ വെസൽ യന്ത്രത്തകരാറിനെ തുടർന്ന് സർവീസ് മുടങ്ങിയ സാഹചര്യത്തിലാണ് ബദൽ യാത്ര സൗകര്യമെന്ന നിലയിൽ പുതിയ റൂട്ടിൽ റോ-റോ സർവീസ് ആരംഭിക്കുന്നത്. നാളെ രാവിലെ 7.45 മുതൽ സർവീസ് ആരംഭിക്കും.
ഒരു റോ-റോ പണിമുടക്കിയതോടെ വൈപ്പിൻ-ഫോർട്ട്കൊച്ചി റൂട്ടിൽ ഒരു മാസമായി യാത്രക്കാർ നേരിടുന്ന യാത്രാക്ലേശത്തിനു പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ബിനാലെയും കാർണിവലും നടക്കുന്നതിനാൽ യാത്രക്കാരുടെ തിരക്ക് ഇനിയും കൂടും. ഇക്കാര്യംകൂടി മുന്നിൽ കണ്ടാണ് യന്ത്രത്തകരാർ പരിഹരിച്ച് റോ-റോ സർവീസ് ആരംഭിക്കുന്നതുവരെ ബദൽ യാത്രാമാർഗം ഒരുക്കുന്നത്.
നിലവിൽ മുളവുകാട്-ഐലൻഡ് റൂട്ടിൽ സർവീസ് നടത്തുന്ന ഇൻലാൻഡ് വാട്ടർവേസ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള റോ-റോ വെസൽ തന്നെയാണ് ഫോർട്ട്കൊച്ചിയിലേക്കും സർവീസ് നടത്തുക. വേലിയേറ്റ വേലിയിറക്ക ഘട്ടത്തിൽ റോ-റോ ഓടിക്കുന്നതിന് പ്രായോഗിക തടസം ഉള്ളതിനാൽ രാവിലെ 7.15 മുതൽ വൈകുന്നേരം നാലു വരെയാകും സർവീസ്. ഇതിനു മുന്നോടിയായി ഇന്നലെ ഈ റൂട്ടിൽ ട്രയൽ റണ് നടത്തി.
കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനു തന്നെയാണ് പുതിയ റൂട്ടിലെയും സർവീസ് നടത്തിപ്പ് ചുമതല. പരീക്ഷണാടിസ്ഥാനത്തിൽ 14 വരെ സർവീസ് നടത്തും. വിജയകരമായാൽ കേടുപാട് സംഭവിച്ച റോ - റോ അറ്റകുറ്റപ്പണി പൂർത്തിയാക്കി സർവീസിന് തയാറെടുക്കുംവരെ മുളവുകാട് റൂട്ടിലെ സർവീസ് തുടരും.
ത്രസ്റ്റർ യൂണിറ്റിലെ ക്ലച്ച് തകരാറിനെ തുടർന്നാണ് കഴിഞ്ഞ മാസം 14 മുതൽ സേതുസാഗർ 1 എന്ന റോ-റോ വെസൽ കട്ടപ്പുറത്തായത്. വിദേശ നിർമിതമായ പ്രൊപ്പൽഷൻ ആയതിനാൽ സ്പെയർ പാർട്സുകൾ അവിടെനിന്നു വരണം. മാത്രമല്ല രണ്ട് അസംബ്ലി ക്ലച്ച് യൂണിറ്റുകളും മാറ്റിവയ്ക്കണം.
ഏകദേശം 40 ലക്ഷം രൂപ ചെലവു വരും. ക്ലച്ച് അസംബ്ലിക്കു ഓർഡർ നൽകിയിട്ടുണ്ടെന്നും അവ എത്താൻ മൂന്നാഴ്ച്ചയെങ്കിലും വൈകുമെന്നും റോ റോ യുടെ നടത്തിപ്പ് ചുമതലയുള്ള കെഎസ്ഐഎൻസി ട്രാഫിക് മാനേജർ സിറിൽ ഏബ്രഹാം പറഞ്ഞു. അറ്റകുറ്റപ്പണി പൂർത്തിയാക്കി വെസൽ സർവീസ് ആംഭിക്കും വരെയാകും ബദൽ സർവീസ് ഉണ്ടാകുക.
ഫോർട്ട്കൊച്ചി-മുളവുകാട് റൂട്ടിൽ പുതിയ റോ-റോ സർവീസ്
12:27 AM Dec 10, 2022 | Deepika.com