കോൽക്കളിയിൽ പ്രഥമ സ്ഥാനം തിരിച്ചുപിടിച്ച് മാനന്തവാടി എംജിഎം
12:09 AM Dec 10, 2022 | Deepika.com
മാനന്തവാടി: 12 വർഷം കുത്തകയായിരുന്നതും കഴിഞ്ഞ കലാമേളയിൽ കൈവിട്ടുപോയതുമായ ഹൈസ്കൂൾ വിഭാഗം കോൽക്കളി പ്രഥമസ്ഥാനം മാനന്തവാടി എംജിഎം ഹയർ സെക്കൻഡറി സ്കൂൾ തിരിച്ചുപിടിച്ചു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോൽക്കളിയിൽ ദീർഘകാലം ജില്ലയ്ക്കുവേണ്ടി മാറ്റുരച്ചത് എംജിഎം സ്കൂളിലെ കുട്ടികളാണ്. ഇക്കുറി ജില്ലാ കലോത്സവത്തിൽ ടി.പി ആലിക്കൂട്ടി ഗുരുക്കളുടെ ’അൽഹംദുലില്ല...’ എന്നു തുടങ്ങുന്ന ഗാനമാണ് ടീം അവതരിപ്പിച്ചത്. മഹറൂഫ് കോട്ടക്കലാണ് പരിശീലകൻ. ജനകീയ കലാരൂപമായ കോൽക്കളി ആസ്വദിക്കാൻ നൂറുകണക്കിന് ആളുകളാണ് കലോത്സവനഗരിയിൽ എത്തിയത്. കോൽക്കളിക്ക് ജനകീയത കൈവരുന്നതിനു തെളിവായി ആസ്വാദകരുടെ ബാഹുല്യം.