കൽപ്പറ്റ: പിഎസ്സി ഓണ്‍ലൈൻ പരീക്ഷാകേന്ദ്രം കൽപ്പറ്റയിൽ അനുവദിക്കുന്നതിനു ടി. സിദ്ദിഖ് എംഎൽഎ നിവേദനം നൽകി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പിഎസ്സി ചെയർമാനെ സന്ദർശിച്ചാണ് നിവേദനം നൽകിയത്. ജില്ലയിലെ വിദ്യാർഥികൾ നിലവിൽ പിഎസ്സി ഓണ്‍ലൈൻ പരീക്ഷകൾക്ക് വിദൂര ജില്ലകളെയാണ് ആശ്രയിക്കുന്നത്. കൃത്യമായി ബസ് സർവീസ് ഇല്ലാത്തതും ചുരം ഇറങ്ങേണ്ടതും വലിയ പ്രതിസന്ധിയാണ് ഉദ്യോഗാർഥികൾക്കു സൃഷ്ടിക്കുന്നത്. വിവിധ ഡിപ്പാർട്ട്മെന്റ് ഓണ്‍ലൈൻ പരീക്ഷകൾക്ക് ജില്ലയിൽ സെന്റർ അനുവദിക്കാത്തതും പ്രയാസങ്ങൾക്കു കാരണമാകുന്നുണ്ട്.
ഹാൾ ടിക്കറ്റ് ലഭിക്കുന്പോഴാണ് സെന്റർ ജില്ലയ്ക്കു പുറത്താണെന്ന് ഉദ്യോഗാർഥികൾ അറിയുന്നത്. ജില്ലയിൽനിന്നു പരീക്ഷാകേന്ദ്രങ്ങളിലേക്കു മണിക്കൂറുകൾ യാത്രചെയ്യണം. ചുരത്തിൽ അടിക്കടി ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് യാഥാസയമം പരീക്ഷാകേന്ദ്രത്തിൽ എത്തുന്നതിനു തടസമാകുന്നുണ്ട്. ഇക്കാര്യങ്ങൾ വിശദീകരിക്കുന്നതാണ് നിവേദനം. കൽപ്പറ്റയിൽ ഓണ്‍ലൈൻ പരീക്ഷാകേന്ദ്രത്തിനു സൗകര്യം ഒരുക്കാമെന്നു പിഎസ്സി ചെയർമാനെ എംഎൽഎ അറിയിച്ചു. ജില്ലാ ആസ്ഥാനത്തു സെന്റർ അനുവദിക്കുന്നതു ഗൗരവത്തോടെ പരിഗണിക്കുമെന്നു ചെയർമാൻ ഉറപ്പുനൽകിയതായി എംഎൽഎ പിന്നീട് പറഞ്ഞു.
പിഎസ്സി ഓണ്‍ലൈൻ പരീക്ഷാകേന്ദ്രം; ടി. സിദ്ദിഖ് എംഎൽഎ നിവേദനം നൽകി
12:09 AM Dec 10, 2022 | Deepika.com