കട്ടപ്പന: ജില്ലയിലെ നിർമാണ നിരോധനം ഉൾപ്പെടെയുള്ള ഭൂപ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം ഉണ്ടാകുന്നതുവരെ സഹനസമരരംഗത്ത് തുടരുമെന്ന് പ്രഖ്യാപിച്ച് വ്യാപാരികൾ നേതൃത്വം നല്കുന്ന ഇടുക്കി ലാൻഡ് ഫ്രീഡം മൂവ്മെന്റ്. ജില്ലയുടെ വികസനത്തെ പ്രതികൂലമായി ബാധിക്കുന്ന നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് ഐഎൽഎഫ്എമിന്റെ നേതൃത്വത്തിൽ കട്ടപ്പനയിൽ സമരപ്രഖ്യാപന റാലിയും കൺവൻഷനും സംഘടിപ്പിച്ചത്.
ഇടുക്കിക്കവലയിൽനിന്നാരംഭിച്ച റാലിയിൽ സ്ഥാപനങ്ങൾ അടച്ചിട്ട് വ്യാപാരികളടക്കം നൂറുകണക്കിനു പേർ പങ്കാളികളായി. തുടർന്ന് കട്ടപ്പന മിനി സ്റ്റേഡിയത്തിൽ നടന്ന കൺവൻഷൻ വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ.ആർ. വിനോദ് ഉദ്ഘാടനം ചെയ്തു.
ഐഎൽഎഫ്എം കട്ടപ്പന മുൻസിപ്പൽ ചെയർമാൻ സിബി കൊല്ലംകുടി അധ്യക്ഷത വഹിച്ചു. എച്ച്എംടിഎ വൈസ് പ്രസിഡന്റ് ബിജു മാധവൻ ആമുഖ പ്രഭാഷണം നടത്തി.
കട്ടപ്പന മർച്ചന്റ്സ് അസോസിയേഷൻ, എച്ച്എംടിഎ, കാർഡമം ഗ്രോവേഴ്സ് അസോസിയേഷൻ, ഓട്ടോ-മൊബൈൽ വർക്ക്ഷോപ്പ് അസോസിയേഷൻ, ക്ലബ്ബുകൾ, റസിഡന്റ്സ് അസോസിയേഷൻ, സ്വയം സഹായ സംഘങ്ങൾ തുടങ്ങി നിരവധി സംഘടനകളും പ്രവർത്തകരും സമരപരിപാടിയിൽ പങ്കെടുത്തു. ഉച്ചകഴിഞ്ഞു രണ്ടര മുതൽ അഞ്ചുവരെ കടകളും സ്ഥാപനങ്ങളും അടച്ചിട്ടു.
ജില്ലാ വൈസ് പ്രസിഡന്റ് സി.എം. ബേബി, ഐഎൽഎഫ്എം ജനറൽ കൺവീനർ പി.കെ. ഗോപി, അഡ്വ.എം.കെ. തോമസ്, കെ.പി. ഹസൻ, ജോയിച്ചൻ കണ്ണമുണ്ടയിൽ, സാജൻ ജോർജ്, സിജോമോൻ ജോസ്, പി.കെ. മാണി കെ.വി. വിശ്വനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു.
ലാൻഡ് ഫ്രീഡം മൂവ്മെന്റ് സമരപ്രഖ്യാപന റാലിയും കൺവൻഷനും
10:57 PM Dec 09, 2022 | Deepika.com