മുഹമ്മ: സാമൂഹികാരോഗ്യ കേന്ദ്രത്തിലെ നവീകരിച്ച ഒപി ബ്ലോക്കിന്റെയും വനിതാ വാർഡിന്റെ യും ഉദ്ഘാടനം ഇന്നു രണ്ടിന് മന്ത്രി പി. പ്രസാദ് നിർവഹിക്കുമെന്ന് ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സർക്കാരിന്റെ നവകേരള മിഷന്റെ ആർദ്രം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയതിന്റെ ഭാഗമായി മുഹമ്മ കമ്യൂണിറ്റി ഹെൽത്ത് സെന്ററിനെയും ആര്യാട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്. ദേശീയ ആരോഗ്യ മിഷൻ മുഖാന്തരം 35 ലക്ഷം രൂപ വിനിയോഗിച്ചാണ് ഒപി കൗണ്ടർ, നഴ്സിംഗ് സ്റ്റേഷൻ, ഫാർമസി, ഡോക്ടേർസ് റൂം, കണ്ണ് പരിശോധന വിഭാഗം, ഇസിജി തുടങ്ങിയ സൗകര്യങ്ങളോടുകൂടി ഒപി ബ്ലോക്ക് നവീകരിച്ചത്.
ചടങ്ങിൽ എ.എം. ആരിഫ് എംപി മുഖ്യപ്രഭാഷണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി വനിതാ വാർഡിന്റെ ഉദ്ഘാടനവും നിർവഹിക്കും. കെ.ഡി. മഹീന്ദ്രൻ അധ്യക്ഷത വഹിക്കും. വാർത്താ സമ്മേളനത്തിൽ മുഹമ്മ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ടി. റെജി, മെഡിക്കൽ ഓഫീസർ ഡോ.സി. ജയന്തി, ബ്ലോക്ക് പഞ്ചായത്തംഗം സിന്ധു രാജീവ്, പഞ്ചായത്തംഗം വി. വിഷ്ണു, എച്ച്.എം.സി അംഗങ്ങളായ സന്തോഷ് ഷൺമുഖൻ, ജയപാലൻ എന്നിവർ പങ്കെടുത്തു.
മുഹമ്മ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഒപി ബ്ലോക്ക് ഉദ്ഘാടനം ഇന്ന്
10:54 PM Dec 09, 2022 | Deepika.com