ആലപ്പുഴ: സംഘാടനത്തില്‍ മികവ് പുലര്‍ത്തി ജില്ലാ കേരളോത്സവ കായികമേള. ആര്യാട് ബ്ലോക്ക് പഞ്ചായത്തിലെ ഏഴു വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. ലിമിറ്റ്ലെസ് സ്പോര്‍ട്സ് ഹബ് കലവൂരാണ് പ്രധാന വേദി.
കൃത്യമായി സമയം പാലിച്ചാണ് മത്സരങ്ങള്‍ നടത്തുന്നത്. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് ആവശ്യമായി നിര്‍ദേശങ്ങള്‍ നല്കാന് എല്ലാ വേദികളിലും ഹെല്പ് ഡെസ്ക് പ്രവര്‍ത്തിക്കുന്നുണ്ട്. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, സ്റ്റാഫ് നഴ്സ്, ആംബുലന്‍സ്, ആംബുലന്‍സ് ഡ്രൈവര്‍ തുടങ്ങിയവരുള്‍പ്പെടെ ഏഴു ആരോഗ്യ പ്രവര്‍ത്തകര്‍ മുഴുവന്‍ സമയവും വേദികളില്‍ സജ്ജമാണ്. മൈതാനത്തിന്റെ എല്ലാ ഭാഗങ്ങളിലും കുടിവെള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മീഡിയ സെന്ററും കേരളോത്സവത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
മികച്ചതും വൃത്തിയുള്ളതുമായ ശുചിമുറി സൗകര്യങ്ങളും ഡ്രസിംഗ് റൂമുകളും ഇവിടെയുണ്ട്. മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് രാവിലെയും ഉച്ചയ്ക്കും ഭക്ഷണവും വൈകുന്നേരം ലഘു ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. അതത് സമയങ്ങളില്‍ തന്നെ ഫലപ്രഖ്യാപനം എത്തുന്നത് മേളയെ കുറ്റമറ്റതാക്കുന്നു.
ആരോഗ്യവകുപ്പ്, യുവജന ക്ഷേമ വകുപ്പ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത്, മുഹമ്മ, മണ്ണഞ്ചേരി, ആര്യാട്, മാരാരിക്കുളം തെക്ക് പഞ്ചായത്തുകളുടെയും സഹകരണത്തോടെയാണ് മികച്ച സൗകര്യങ്ങളോടെ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞതെന്ന് ജില്ലാ പഞ്ചായത്തംഗം ആര്. റിയാസ് പറഞ്ഞു.
സംഘാടന മികവില്‍ കേരളോത്സവ കായികമേള
10:53 PM Dec 09, 2022 | Deepika.com