ആലപ്പുഴ: തീരദേശ ജില്ലകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്രസർക്കാർ രൂപം നൽകിയ സാഗർമാല പദ്ധതിയിൽ ഉൾപ്പെടുത്തി ആലപ്പുഴയിലെ നാലു പ്രോജക്ടുകൾ ഉൾപ്പെടെ 63 പദ്ധതികൾക്ക് കേന്ദ്ര അംഗീകാരം.
മത്സ്യബന്ധന തുറമുഖങ്ങൾ, ലൈറ്റ് ഹൗസുകൾ എന്നിവയുടെ നവീകരണം, നൈപുണ്യ വികസനം തുടങ്ങി കേരളത്തിലെ 63 പ്രോജക്ടുകൾക്കായി 6,131 കോടി രൂപയാണു ചെലവഴിക്കുക. ലോക്സഭയിലെ ചോദ്യോത്തര വേളയിൽ കേന്ദ്ര തുറമുഖ കപ്പൽ ജലഗതാഗത കേന്ദ്രമന്ത്രി സർബാനന്ദ സോനാവാൾ എ.എം.ആരിഫ് എംപിക്കു നൽകിയ മറുപടിയിൽ ആലപ്പുഴയ്ക്കു പ്രത്യേക പരിഗണന നൽകുന്നുണ്ടെന്നു വ്യക്തമാക്കി.
മ്യൂസിയത്തിന്
250 കോടി
ആലപ്പുഴ ജില്ലയിലെ സമുദ്ര മ്യൂസിയം (250 കോടി), മനക്കോടം ലൈറ്റ് ഹൗസ് (ഒരു കോടി), ആലപ്പുഴ ലൈറ്റ് ഹൗസ് (നാലു കോടി), വലിയഴീക്കൽ ലൈറ്റ് ഹൗസ് (35 ലക്ഷം) ഉൾപ്പെടെയുള്ള പദ്ധതികളുടെ വിശദമായ പദ്ധതിരേഖ തയാറാക്കി വരികയാണെന്നും ഉടൻ നിർമാണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ആലപ്പുഴ തുറമുഖം മറീന-കം-കാർഗോ തുറമുഖമായി വികസിപ്പിക്കാൻ കേരള മാരിടൈം ബോർഡ് തയാറാക്കുന്ന 12 കോടി രൂപയുടെ പദ്ധതിക്കു സാഗർമാല പദ്ധതിയിൽ ഉൾപ്പെടുത്തി അംഗീകാരം എത്രയും വേഗം നൽകുമെന്നും മന്ത്രി ലോക്സഭയിൽ ഉറപ്പുനൽകി.
ആലപ്പുഴ ലൈറ്റ് ഹൗസിൽ ലിഫ്റ്റ് സൗകര്യം അടുത്ത വർഷം പകുതിയോടെ യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷയെന്നും ആലപ്പുഴയിലെ വിനോദസഞ്ചാര മേഖലയുടെ വികസനത്തിനു പദ്ധതികൾ പുത്തനുണർവ് നൽകുമെന്നും എംപി ചൂണ്ടിക്കാട്ടി.
സമുദ്ര മ്യൂസിയം, ലൈറ്റ് ഹൗസുകൾ മുഖം മിനുക്കാൻ ആലപ്പുഴ
10:53 PM Dec 09, 2022 | Deepika.com