കോട്ടയം: പിഎസ്സി പരീക്ഷ പാസാക്കുന്ന ഉദ്യോഗാർഥികളെ ഒഴിവാക്കി പിണറായി സർക്കാർ വിദ്യാർഥികളുടെ സ്വപ്നം തകർത്ത് നടപ്പിലാക്കുന്ന പിൻവാതിൽ നിയമനം നിർത്തിവയ്ക്കണമെന്നു കെ.സി. ജോസഫ്. യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കണമെന്നും നിർത്തലാക്കിയ ലൈഫ് മിഷൻ പദ്ധതി പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് കോട്ടയം കളക്ടറേറ്റ് പടിക്കൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടി സർക്കാര്‍ തുടക്കംകുറിച്ച് പാവപ്പെട്ടവർക്ക് പാര്‍പ്പിടം നല്‍കിവന്ന ഇന്ദിര അവാസ് യോജന പദ്ധതിയെ എല്‍ഡിഎഫ് സര്‍ക്കാര്‍ ലൈഫ് മിഷന് പദ്ധതിയാക്കി പേരുമാറ്റി സര്‍ക്കാര്‍ ഫണ്ട് നല്‍കാതെ അട്ടിമറിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി. തോമസ്, ജോയി ഏബ്രഹാം, യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, ഫിലിപ്പ് ജോസഫ്, വി.ജെ. ലാലി, പ്രിൻസ് ലൂക്കോസ്, ജി. ഗോപകുമാർ, യൂജിൻ തോമസ്, റോണി കെ. ബേബി, ബിജു പുന്നത്താനം, ചിന്റു കുര്യൻ ജോയി, ജോർജ് പുളിക്കാട് തുടങ്ങിയവർപ്രസംഗിച്ചു.
പിൻവാതിൽ നിയമനം യുവതലമുറയുടെ സ്വപ്നം തകർത്തു: കെ.സി. ജോസഫ്
10:23 PM Dec 09, 2022 | Deepika.com