ഇത്തിത്താനം: ചാലച്ചിറ ഹെല്‍ത്ത് സെന്ററിന് സമീപമുള്ള സ്ത്രീപഠന കേന്ദ്രത്തിന്റെ പിന്നില്‍ വളര്‍ന്നു പന്തലിച്ചു നില്ക്കുന്ന പാഴ്മരം കെട്ടിടത്തിന് ഭീഷണിയാകുന്നു. ഇതിന്റെ വേരുകള്‍ കെട്ടിടത്തിന്റെ അടിത്തറയ്ക്കുള്ളിലേക്ക് വളര്‍ന്നു കഴിഞ്ഞു. ശിഖരങ്ങള്‍ കെട്ടിടത്തിന്റെ മുകളിലേക്ക് പടര്‍ന്നുകയറിയ നിലയിലാണ്. ഇലകള്‍ മുഴുവന്‍ കെട്ടിടത്തിനു മുകളില്‍ പൊഴിഞ്ഞുവീണ് മഴവെള്ളം കെട്ടിക്കിടന്ന് വാര്‍ക്ക പൊടിയുന്ന അവസ്ഥയാണ്. കഴിഞ്ഞ പഞ്ചായത്തു ഭരണസമിതിയുടെ കാലത്ത് ഏഴു ലക്ഷം രൂപ മുടക്കിയാണ് ആസ്ബറ്റോസ് ഷീറ്റ് മാറ്റി മേല്‍ക്കൂര വാര്‍ത്തത്.
കെട്ടിടത്തിന് ഭീഷണിയായ മരം വെട്ടിമാറ്റണമെന്ന് ഇത്തിത്താനം വികസനസമിതി നിരവധി തവണ ഗ്രാമപഞ്ചായത്ത് അധികാരികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ കുറിച്ചി ഗ്രാമപഞ്ചായത്ത് അധികാരികളുടെ നിസംഗത ഇപ്പോഴും തുടരുകയാണെന്ന് വികസന സമിതി യോഗം ആരോപിച്ചു. ഡോ. റൂബിള്‍ രാജ് അധ്യക്ഷത വഹിച്ചു. പ്രസന്നന് ഇത്തിത്താനം, സ്കറിയാ ആന്റണി വലിയപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
പാഴ്മരം ചാലച്ചിറ സ്ത്രീപഠന കേന്ദ്രം കെട്ടിടത്തിനു ഭീഷണി
01:09 AM Dec 09, 2022 | Deepika.com