ചങ്ങനാശേരി: പാറേല്‍ മരിയന്‍ തീര്‍ഥാടന കേന്ദ്രത്തില്‍ പരിശുദ്ധകന്യകാമറിയത്തിന്റെ അമലോല്‍ഭവ തിരുനാളിന് വിശ്വാസീ സഹസ്രങ്ങള്‍ ഒഴുകിയെത്തി. പള്ളിയില്‍ രാവിലെ മുതല്‍ തുടര്‍ച്ചയായി മധ്യസ്ഥ പ്രാര്‍ഥനയും വിശുദ്ധകുര്‍ബാനയും നടന്നു. വൈകുന്നേരം മാതാവിന്റെ തിരുസ്വരൂപവുംവഹിച്ച് കുരിശുംമൂട്ടിലേക്കു നടന്ന പ്രദക്ഷിണം ഭക്തിനിര്‍ഭരമായിരുന്നു.
രാവിലെ 5.30ന് അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്ലും 7.15ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടവും വിശുദ്ധകുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കി. പരിശുദ്ധകന്യകാ മാതാവിന്റെ വിനയവും വിധേയത്വവും മാതൃകയാക്കണമെന്നും പ്രാര്‍ഥനയിലും കൂട്ടായ്മയിലും വിശ്വാസ സമൂഹം ശക്തി നേടണമെന്നും ആര്‍ച്ച്ബിഷപ് ഉദ്ബോധിപ്പിച്ചു. ഫാ. ജേക്കബ് നടുവിലേക്കളം തിരുനാള്‍ റാസ അര്‍പ്പിച്ചു. ഫാ. തോമസ് മുട്ടേല്‍ സന്ദേശം നല്കി. ഫാ. മാത്യു പുത്തനങ്ങാടി, മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍, മോണ്‍. ജയിംസ് പാലയ്ക്കല്‍ എന്നിവര്‍ വിവിധ സമയങ്ങളില്‍ വിശുദ്ധകുര്‍ബാനക്ക് കാര്‍മികരായിരുന്നു.
വൈകുന്നേരം ആറിന് കുരിശുംമൂട് കവലയിലേക്ക് നടന്ന ജപമാലപ്രദക്ഷിണത്തിന് ഫാ. തോമസ് ചൂളപ്പറമ്പില്‍ സിഎംഐ കാര്‍മികനായിരുന്നു. ജാതിഭേദമെന്യേ ആയിരങ്ങളാണ് പ്രദക്ഷിണത്തില്‍ അണിചേര്‍ന്നത്. വാഴൂര്‍ റോഡില്‍ റെയില്‍വേ ബൈപാസ് ജംഗ്ഷന് മുതല്‍ കുരിശുംമൂടുവരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. 18ന് കൊടിയിറക്കു തിരുനാള്‍ നടക്കും.
പാറേല്‍ പള്ളി തിരുനാള്‍ പ്രദക്ഷിണം ഭക്തിനിര്‍ഭരം
01:09 AM Dec 09, 2022 | Deepika.com