കടുത്തുരുത്തി: കടുത്തുരുത്തി അര്‍ബന്‍ ബാങ്ക് ചെയര്മാന്, വൈസ് ചെയര്മാന് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 15നു നടക്കും. 15ന് രാവിലെ ബാങ്ക് ഹാളില്‍ വച്ചു നടക്കുന്ന ഭരണസമിതി യോഗത്തില്‍ വച്ചായിരിക്കും ഇരുവരുടെയും തെരഞ്ഞെടുപ്പ് നടക്കുക. മൂന്ന് പേരാണ് ബാങ്കിന്റെ ചെയര്മാന് സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്. മുന്ഭരണസമിതകളിലുണ്ടായിരുന്ന സുനു ജോര്‍ജ്, എം.കെ. സാംബുജി, പുതുതായി ഭരണസമിതിയിലേക്കെത്തിയ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പീറ്റര്‍ മ്യാലിപ്പറമ്പില്‍ എന്നിവരാണ് പരിഗണനയിലുള്ളവരെന്നാണ് സൂചന. ഇക്കാര്യത്തില്‍ ഡിസിസിയുടെ തീരുമാനമാവും അന്തിമമാകുക.
മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് -എമ്മും യുഡിഎഫ് മുന്നണിയിലായിരുന്നപ്പോളും ചെയര്മാന്, വൈസ് ചെയര്മാന് സ്ഥാനങ്ങള്‍ കോണ്‍ഗ്രസ് തന്നെയാണ് വഹിച്ചിരുന്നത്. ഇക്കുറി കേരള കോണ്‍ഗ്രസ് -എം എല്‍ഡിഎഫ് ചേരിയില്‍ എതിരാളികളായി മത്സരിക്കുകയും കേരള കോണ്‍ഗ്രസ് കോണ്‍ഗ്രസിനൊപ്പം യുഡിഎഫ് മുന്നണിയിലുമായിരുന്നു.
വൈസ് ചെയര്മാന് കേരള കോൺഗ്രസിനോ?
വൈസ് ചെയര്മാന് സ്ഥാനം കേരള കോണ്‍ഗ്രസിന് നല്‍കുമോ, അതോ മുന്‍കാലങ്ങളിലേതുപോലെ കോണ്‍ഗ്രസ് തന്നെ രണ്ട് ചുമതലകളും വഹിക്കുമോയെന്ന കാര്യവും വ്യക്തമല്ല.
കോണ്‍ഗ്രസ് തന്നെ രണ്ട് പദവികളും ഏറ്റെടുത്താല്‍ ആദ്യം പറഞ്ഞ മൂന്നുപേരില്നിന്നുള്ളവര് തന്നെയാകും ഈ പദവികളിലെത്തുകയെന്നറിയുന്നു. കേരള കോണ്‍ഗ്രസിനാണ് വൈസ് ചെയര്മാന് പദവി നല്കുന്നതെങ്കില് സ്റ്റീഫന്‍ പാറാവേലിയാവും സ്ഥാനത്തേക്കു പരിഗണിക്കപ്പെടുകയെന്നാണ് സൂചന.
യുഡിഎഫ് വീണ്ടും എത്തുന്പോൾ
ആര്‍ബിഐയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണബാങ്കിന്റെ ഭരണസമിതി തലപ്പത്ത് എത്തുന്നവര്‍ക്ക് നിശ്ചിത വിദ്യാഭ്യാസയോഗ്യതയുള്പ്പെടെയുള്ള യോഗ്യതകളുണ്ടാകണമെന്ന് നിര്‍ദേശമുണ്ട്. ഇതൊന്നും മുന്‍കാലങ്ങളില്‍ പാലിക്കപ്പെട്ടിട്ടില്ലെന്ന ആക്ഷേപവും പരക്കെയുണ്ട്. അഴിമതിയും ക്രമക്കേടുകളെയും തുടര്‍ന്ന് അവിശ്വാസത്തിലൂടെ ചെയര്‍മാനെ പുറത്താക്കിയ അര്‍ബണ്‍ ബാങ്ക് ഭരണസമിതിയിലേക്ക് യുഡിഎഫ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടെങ്കിലും കാര്യങ്ങള്‍ പഴയതുപോലെയാവില്ലെന്നാണറിയുന്നത്.
കോണ്‍ഗ്രസ് അംഗങ്ങള്‍ രണ്ട് ഗ്രൂപ്പുകളായി നില്‍ക്കാനാണ് സാധ്യത. ഇതേസമയം മുന്‍ഭരണസമിതിയിലെ അഴിമതി ആരോപണ വിധേയരായ ചിലര്‍ ഇപ്പോഴും ബാങ്ക് ഭരണസമിതിയിൽ സ്വാധീനം ചെലുത്തുന്നതായും ആക്ഷേപമുണ്ട്.
കടുത്തുരുത്തി അര്‍ബന്‍ ബാങ്ക് : ചെയര്മാന് തെരഞ്ഞെടുപ്പ് 15ന്
01:07 AM Dec 09, 2022 | Deepika.com