കടുത്തുരുത്തി: ഉഴവൂര്‍ ജോയിന്റ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന്റെ കീഴില്‍ മോനിപ്പള്ളി കല്ലിടുക്കിയിലുള്ള മോട്ടോര്‍ വെഹിക്കിള്‍ ടെസ്റ്റിംഗ് സെന്റര്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിന് സര്‍ക്കാര്‍ നടപടിക്കായി മന്ത്രി ആന്റണി രാജുവുമായി ചര്‍ച്ച നടത്തി മോന്‍സ് ജോസഫ് എംഎല്‍എ.
വിവിധ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാത്തതുമൂലം ഒരു വര്‍ഷത്തിലധികമായി മോനിപ്പള്ളി സെന്റര്‍ അടച്ചുപൂട്ടിയ അവസ്ഥയിലാണെന്ന് എംഎല്‍എ ചൂണ്ടിക്കാട്ടി. നിലവിലുള്ള പ്രതിസന്ധി പരിഹരിക്കുന്നതോടൊപ്പം ഭാവിയിലേക്ക് പുതിയ വികസന പദ്ധതി മോനിപ്പള്ളിയില്‍ അനുവദിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ചു ഒരാഴ്ച്ചയ്ക്കകം അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ശ്രീജിത്തിനെയും അസിസ്റ്റന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പ്രമോദ് ശങ്കറെയും മന്ത്രി ചുമതലപ്പെടുത്തി.
ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ ഗതാഗത വകുപ്പിന്റെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായും മോന്‍സ് ജോസഫ് അറിയിച്ചു. മോനിപ്പള്ളി സെന്ററിനോട് ചേര്‍ന്നുള്ള സ്ഥലവാസികളുടെ പരാതികളും പരിശോധിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
മോനിപ്പള്ളി മോട്ടോർ വെഹിക്കിള്‍ ടെസ്റ്റിംഗ് സെന്റര്‍: മന്ത്രിയുമായി എംഎല്‍എ ചർച്ച നടത്തി
01:07 AM Dec 09, 2022 | Deepika.com