കോട്ടയം: പഴയ പോലീസ് സ്റ്റേഷൻ മൈതാനത്തു കടകൾ അനുവദിക്കരുതെന്ന കോട്ടയം നഗരസഭ കൗണ്‍സിൽ തീരുമാനത്തിനു വിരുദ്ധമായി മൂന്നുപേർക്ക് ബങ്ക് അനുവദിച്ച നടപടി പ്രതിപക്ഷം എതിർത്തതിനെത്തുടർന്നു നിർത്തിവച്ചു.
ബങ്ക് അനുവദിക്കുവാൻ കൗണ്‍സിൽ തീരുമാനമായെന്ന് എഴുതിച്ചേർത്ത് നൽകിയ മിനിട്സ് നടപടിയിൽനിന്നു വിട്ടുനിൽക്കാൻ റവന്യു ഓഫീസറോട് പ്രതിപക്ഷ കൗണ്‍സിലർമാർ ആവശ്യപ്പെട്ടു. ഇതനുസരിച്ച് എൻജിനിയറിംഗ് വിഭാഗം, സെക്രട്ടറി എന്നിവർക്ക് നൽകിയ മിനിട്സ് തിരികെ വിളിപ്പിക്കാമെന്ന് ആർഒ നൽകിയിട്ടുണ്ടെന്നു കൗണ്‍സിലർമാർ പറയുന്നു.
തിരുനക്കര ബസ് സ്റ്റാൻഡ് കെട്ടിടത്തിൽനിന്ന് ഒഴിപ്പിച്ച മൂന്നു വ്യാപാരികൾക്കാണു കൗണ്‍സിൽ യോഗം അറിയാതെ ബങ്ക് അനുവദിച്ചത്. തിരുവാതിക്കലും നാഗന്പടത്തും ബങ്ക് അനുവദിക്കുവാൻ തീരുമാനിച്ചിരിക്കുന്പോഴാണു ഈവിധം ബങ്ക് അനുവദിക്കാനുള്ള നടപടി. നേരത്തെ മൂന്നു പേർക്ക് ഇതേസ്ഥലത്ത് ബങ്ക് അനുവദിക്കുവാൻ ഫിനാൻസ് കമ്മിറ്റി ശിപാർശ ചെയ്തിരുന്നെങ്കിലും കൗണ്‍സിൽ എതിർത്തതോടെ നടപ്പായില്ല. നിലവിൽ ഈ ശിപാർശയ്ക്കൊപ്പം കൗണ്‍സിൽ തീരുമാനമെന്നു പറഞ്ഞാണു പുതിയ മൂന്നുപേർക്കും ബങ്ക് അനുവദിക്കുവാൻ ശ്രമിച്ചത്.
പ്രതിപക്ഷ എതിർപ്പ്: ബങ്ക് അനുവദിച്ച നടപടി നിർത്തിവച്ചു
01:04 AM Dec 09, 2022 | Deepika.com